സിനിമാ സ്‌റ്റൈലില്‍ ഒളിച്ചോടിയ കമിതാക്കള്‍ വിവാഹിതരായി; തട്ടിക്കൊണ്ടുപോവല്‍ കഥ ചാരമായി

നാദാപുരം: കാറിലെത്തിയ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി വിവാഹം കഴിച്ച ശേഷം കോടതിയില്‍ ഹാജരായി. ഇരുവരേയും കോടതി സ്വന്തം ഇഷടപ്രകാരം വിട്ടു. നാദാപുരത്ത് സിനിമാ സ്‌റ്റൈലില്‍ നടത്തിയ “തട്ടിക്കൊണ്ടു പോകല്‍ “കഥ ഇതോടെ ചാരമായി.കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ സ്വദേശിനിയായ യുവതിയെ കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ട് പോയതായി ബന്ധുക്കള്‍ നാദാപുരം പോലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ പോലിസ് കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇന്നലെ ഉച്ചയോടെയാണ് മാഹി പരിമഠം ക്ഷേത്രത്തില്‍ നിന്നും വിവാഹിതരായ ശേഷം ഇരുവരും നാദാപുരം പോലിസ് സ്റ്റേഷനില്‍ ഹാജരായത്. യുവതിയുടെ നാട്ടിലെ തന്നെ യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതേ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി യുവതിയെ എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂരിലെ ഒരു ബന്ധു വീട്ടില്‍ താമസിപ്പിച്ച് വരികയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ അമ്മയുടെ ബന്ധുവായ സ്ത്രീയോടൊപ്പം പുറത്തേക്ക് പോകുന്നതിനിടെ കാമുകന്‍ എത്തിയ കാറിലേക്ക് യുവതി ഓടിക്കയറുകയായിരുന്നു. ഇതോടെ യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞു സ്ത്രീ ബഹളം വെച്ചു. തുടര്‍ന്ന് നാട്ടുകാരും മറ്റും കാര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് കാറുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാദാപുരം പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.

RELATED STORIES

Share it
Top