സിനിമാ സാമ്രാജ്യം ഉപേക്ഷിച്ച് ഒരു സിദ്ധാര്‍ഥന്‍

SIDAബോളിവുഡ് സെലിബ്രിറ്റി മന്‍സൂര്‍ഖാനെ  നീലഗിരി കുന്നുകളിലേക്ക് ആകര്‍ഷിച്ചതെന്ത്?

അഭിമുഖം : സരിത മാഹിന്‍/  ഫോട്ടോ: എന്‍  ബി  രാഹുല്‍

ഹോട്ടലിന്റെ ലോബിയില്‍ മന്‍സൂര്‍ഖാന്‍ എന്ന എഴുത്തുകാരനായ സിനിമാ സംവിധായകനെ കാത്തിരിക്കവെ ആമിര്‍ഖാനും ജൂഹി ചാവ്‌ലയും ഷാരൂഖും ഐശ്വര്യാറായിയുമൊക്കെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പാട്ടുകള്‍ വെറുതെ മൂളിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ആ കുറിയ മനുഷ്യന്‍ കയറിവന്നത്. പ്രമുഖ സിനിമാ സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്ന നാസിര്‍ ഹുസയ്‌ന്റെ മകനും ബോളിവുഡ് താരങ്ങളായ ആമിര്‍ഖാന്റെ ജ്യേഷ്ഠനും ഇമ്രാന്‍ഖാന്റെ അമ്മാവനുമായ മന്‍സൂര്‍ ഹുസയ്ന്‍ ഖാന്‍ ആണ് അതെന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. സെലിബ്രിറ്റി പ്രതിച്ഛായയുണ്ടാക്കാന്‍ ഓരോരുത്തരും തത്രപ്പെടുന്ന ഇക്കാലത്ത് ഒരു സാധാരണക്കാരനായിരിക്കുക എന്നത് തീര്‍ത്തും അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

മുംബൈ ഐഐടിയിലെയും ബോസ്റ്റണിലെ എംഐടിയിലെയും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, സുന്ദരമായ നാലു പ്രണയചിത്രങ്ങള്‍ സംവിധാനം ചെയ്യുക. വെള്ളിവെളിച്ചത്തിന്റെ ഉത്തുംഗതയില്‍ നില്‍ക്കവെ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനാവുക. വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയില്‍ നിന്നു കിലോമീറ്ററുകള്‍ക്കിപ്പുറം തമിഴ്‌നാട്ടിലെ കൂനൂരില്‍ ഒരു സാധാരണക്കാരനായി ജീവിക്കുക.[caption id="attachment_46632" align="alignleft" width="800"]AMIR മന്‍സൂര്‍ ഖാന്റെ പഴയകാല ചിത്രം (ഇടത്ത് നിന്ന് രണ്ടാമത്തേത് )[/caption]

സിനിമ നല്‍കുന്ന ലഹരിയില്‍ നിന്നെല്ലാം വിട്ട് ജീവിതത്തെ നേരിട്ടറിഞ്ഞപ്പോള്‍, അറിഞ്ഞതെല്ലാം ചേര്‍ത്ത് ഒരു പുസ്തകമെഴുതി. 'ഏക്കേഴ്‌സ് വൈല്‍ഡ്' എന്ന 22 ഏക്കര്‍ ഓര്‍ഗാനിക് ഫാമും കന്നുകാലി വളര്‍ത്തലും ഹോം സ്‌റ്റേയും ഭാര്യ ടീനയുടെ ഓര്‍ഗാനിക് ചീസ് ഉല്‍പാദനവുമൊക്കെയാണ് ഇന്ന് മന്‍സൂര്‍ഖാന്റെ ലോകം. സിനിമയിഷ്ടപ്പെടുന്ന, മുംബൈ നഗരത്തെ ഇഷ്ടപ്പെടുന്ന രണ്ടു മക്കള്‍- സയാനും പാബ്ലോയും.
ചോദിക്കാന്‍ കരുതിയ ചോദ്യങ്ങളിലൊന്നും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. കാരണം മന്‍സൂര്‍ഖാനെ ഇന്ന് അലട്ടുന്നത് സിനിമയോ ബോക്‌സ് ഓഫിസ് ജയപരാജയമോ അല്ല. പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളുമാണ്. അവയുടെ അനിയന്ത്രിതമായ ചൂഷണം  മൂലം നശിച്ചുകൊണ്ടിരിക്കുന്ന പാവങ്ങളെ       ക്കുറിച്ചും ഭൂമിയെക്കുറിച്ചുമാണ് അദ്ദേഹം വാചാലനാവാന്‍ ആഗ്രഹിക്കുന്നത്. സിനിമാ സാമ്രാജ്യത്തിലെ ചെങ്കോല്‍ വലിച്ചെറിഞ്ഞ് മണ്ണിന്റെ ഗന്ധം തേടി ഒരു സിദ്ധാര്‍ഥനാവാന്‍. തന്റെ പുസ്തകമായ 'ദി തേര്‍ഡ് കര്‍വ്', 'ദി എന്‍ഡ് ഓഫ് ഗ്രോത്ത് ആസ് വി നോ ഇറ്റി'നെ ആധാരമാക്കി നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ കോഴിക്കോട്ട് സംഘടിപ്പിച്ച എകദിന സെമിനാറില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു മന്‍സൂര്‍ഖാന്‍.

1.     അങ്ങയുടെ സിനിമയിലെ ഒരു ഗാനം ഞാന്‍ കടമെടുക്കുകയാണ്
    ''പാപ്പാ കഹ്താ ഹേ ബഡാ നാം കരേഗ
    ബേട്ടാ ഹമാരാ എസാ കാം കരേഗാ...
    മഗര്‍ യെത്തോ കോയി ന ജാനെ
    ഹേ മേരെ മന്‍സില്‍ ഹേ കഹാം...  (അച്ഛന്‍ പറയുന്നു എന്റെ മകന്‍ വലിയ പേരെടുക്കുമെന്ന് പക്ഷേ, തനിക്കറിയില്ല എവിടെയാണ് തന്റെ ലക്ഷ്യമെന്ന്). പ്രശസ്ത സിനിമാ സംവിധായകനായ നാസിര്‍ ഹുസയ്‌ന്റെ മകന്‍, ഇന്ന് സിനിമയുടെ പകിട്ട് വിട്ട് ഇതാ ഇവിടെയെത്തിയിരിക്കുന്നു. ഇതുതന്നെയാണോ താങ്കള്‍ ആഗ്രഹിച്ചിരുന്ന ജീവിതം?
വ്യക്തമായി പറഞ്ഞാല്‍ ഇതുതന്നെയായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്ന ജീവിതം. ഒരു ഘട്ടത്തില്‍ എന്‍ജിനീയര്‍ ആയിപ്പോയേക്കുമെന്നു കരുതിയിരുന്നെങ്കിലും ഒരു എന്‍ജിനീയറാവാന്‍ ആഗ്രഹിച്ചിരുന്നില്ല. സിനിമ അത് ഒരിക്കലും എന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ലെന്നു നേരത്തേ തീരുമാനിച്ചിരുന്നു. മനസ്സിലെപ്പോഴുമുണ്ടായിരുന്നത് ഒരു ഫാമില്‍ ഒരു ചെറിയ ജീവിതം ജീവിക്കണമെന്നായിരുന്നു. സമാധാനത്തോടെയുള്ളൊരു ജീവിതം.  AMIR-2

2.   ഒരു സെലിബ്രിറ്റിയില്‍ നിന്ന് ഒരു സാധാരണക്കാരനിലേക്കുള്ള ദൂരം എത്ര കഠിനവും എളുപ്പവുമായിരുന്നു താങ്കള്‍ക്ക്?
് ഒരു സാധാരണക്കാരനില്‍ നിന്ന് സെലിബ്രിറ്റിയാവുക എന്നത് എനിക്ക് ഒട്ടും എളുപ്പമാവുമായിരുന്നില്ല. എന്നാല്‍, മറിച്ചൊരവസ്ഥ വളരെ എളുപ്പമാണ്. അതുകൊണ്ടു തന്നെ ഞാനൊരിക്കലും മനസ്സുകൊണ്ട് ഒരു സെലിബ്രിറ്റിയെപ്പോലെ ആയിരുന്നില്ല. എന്റെ സുഹൃദ്‌വലയവും ഞാന്‍ ചിന്തിക്കുന്ന രീതിയുമെല്ലാം അങ്ങനെയാണ്. ഈ സെലിബ്രിറ്റി പ്രതിച്ഛായ എനിക്ക് ഒട്ടും ഇണങ്ങുന്നതല്ലെന്നു പണ്ടേ തിരിച്ചറിഞ്ഞതാണ്. ഒരു സാധാരണജീവിതത്തിനായി എന്റെ മനസ്സ് എന്നോ  പാകപ്പെട്ടിരുന്നു. സെലിബ്രിറ്റിയായിരിക്കുന്നതിന്റെ നേട്ടങ്ങള്‍ ഒരുപാടുണ്ടാവാം. പക്ഷേ. സാധാരണക്കാരനായിരിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം വേറെത്തന്നെയാണ്. മനസ്സിന്റെ ഉള്ളില്‍ വേറെയൊരാളായിരിക്കെ പുറമേക്ക് മറ്റൊരാളായി മാറേണ്ടിവരുന്നവരാണ് സെലിബ്രിറ്റികള്‍.

3.   കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?
2.3 വര്‍ഷം മുമ്പേ തീരുമാനിച്ചതായിരുന്നു ഈ മാറ്റം. അന്നെല്ലാം സിനിമയാണ് ഞങ്ങളെ മുംബൈയില്‍ പിടിച്ചുനിര്‍ത്തിയത്. പിതാവിന് മുംബൈ വിട്ടുപോവാന്‍ കഴിയില്ലായിരുന്നു. ആ സമയം അദ്ദേഹം സിനിമയ്ക്കു വേണ്ടി എഴുത്താരംഭിച്ചിരുന്നു. സിനിമ സംവിധാനം ചെയ്തിരുന്നത് ഞാനും. ആദ്യസിനിമ 'ഖയാമത് സെ ഖയാമത് തക്' വന്‍വിജയം നേടി. അതിനുശേഷം 'ജോ ജീത്താ വഹി സിക്കന്ദര്‍', 'അകേലെ ഹം അകേലെ തും', 'ജോഷ്' എന്നീ ചിത്രങ്ങള്‍ ചെയ്തു. വിവാഹിതനായി, കുട്ടികളായി. എന്നിട്ടും മുംബൈ നഗരം വിടാനായില്ല. പെട്ടെന്നൊരു ദിവസം മമ്മി ഞങ്ങളെ വിട്ടുപോയി. അതൊരു ഷോക്കായിരുന്നു. രണ്ടു വര്‍ഷം തികയുന്നതിനു മുമ്പേ ഡാഡിയും ഞങ്ങളെ വിട്ടുപോയി. അന്നു തീരുമാനിച്ചു ഇന്നില്ലെങ്കില്‍ ഇനിയില്ലെന്ന്. അനുജത്തി നുസ്ഹത്തിന്റെ മകനും നടനുമായ ഇമ്രാന്‍ഖാന്‍ ചെറുപ്പത്തില്‍ ഊട്ടിക്കടുത്തുള്ള കൂനൂരിലെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അവിടെ ഡാഡിക്ക് ഒരു ഫാം ഹൗസുണ്ടായിരുന്നു. 1993ലാണ് ആ വീടെടുത്തത്. 1997ലാണ് ഞാനത് കണ്ടത്. പിന്നീട് ഇങ്ങോട്ട് വന്നു.

4.  സിനിമയിലേക്ക് ഒരു തിരിച്ചുവരവുണ്ടാവുമോ, പ്രത്യേകിച്ചും ആമിറിനൊപ്പം?
ഇതുവരെ അങ്ങനെയൊരു പ്ലാനില്ല. കാരണം ഇന്നു സിനിമയല്ല എന്റെ പ്രചോദനം. എനിക്ക് മനസ്സിലാവുന്ന കാര്യം മാത്രമേ എനിക്ക് ആശയവിനിമയം ചെയ്യാന്‍ പറ്റൂ. ഇന്ന് നാം വികസനത്തിന്റെ പേരില്‍ നടക്കുന്ന ഒരുപാട് തകര്‍ച്ചകള്‍ കാണുന്നുണ്ട്. അതിനെ കൃത്യമായി വിനിമയം ചെയ്യാന്‍ സാധിച്ചാല്‍ അത് സിനിമയാക്കണമെന്നുണ്ട്. സിനിമയ്ക്കു വേണ്ടി സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ആമിറും ഗൗരവപൂര്‍ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.  ഒരുപക്ഷേ ആമിറിന്റെ സഹായം എനിക്ക് വേണ്ടിവരും. ആമിറുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു.

mansoor-khan
5.  തൊലി കറുത്തുപോയതുകൊണ്ട്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതുകൊണ്ട്, ഇഷ്ടമുള്ളയാളെ പ്രണയിക്കുന്നതുകൊണ്ടെല്ലാം ഇന്ത്യയില്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അസഹിഷ്ണുതയെക്കുറിച്ച്?
എല്ലാവരും വളരെയധികം ദേശസ്‌നേഹികളാവുകയാണ്. ഒരുതരം ജിങ്കോയിസ്റ്റുകള്‍. അതുകൊണ്ടാണ് സ്വന്തം രാജ്യത്തിന്റെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ദേശദ്രോഹികളാവുന്നതും അവരെല്ലാം പാകിസ്താനിലേക്കു പോവേണ്ടവരാവുന്നതും. ഇന്ത്യ ഒരിക്കലും ഒരു അസഹിഷ്ണുതയുള്ള രാജ്യമല്ല. എങ്കിലും ഇതെല്ലാം 100 ശതമാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ആമിറും ഷാരൂഖ് ഖാനുമൊക്കെ പാകിസ്താനിലേക്ക് പോവണം എന്നു പറയുന്നവര്‍, ആമിറിനെയും ഷാരൂഖിനെയും കോടതി കയറ്റുകയാണ് വേണ്ടത്. കോടതി ഈ നടന്‍മാര്‍ പറഞ്ഞ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കട്ടെ. പ്രസ്താവനകള്‍ നല്‍കുന്നവര്‍ മിതത്വം പാലിക്കേണ്ടത് ആവശ്യമാണ്.

6.    ഇവിടെ എല്ലായിടത്തും ഇപ്പോള്‍ നമ്മുടെ ദേശഭക്തി തെളിയിക്കേണ്ട സാഹചര്യമാണല്ലോ?
് അതും തെറ്റായ രീതിയിലാണെന്നുമാത്രം. ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ വിമര്‍ശിക്കരുതെന്ന് പറയുന്നതു ശരിയല്ല. ഇതൊരു ഗൂഢാലോചനയാണെന്ന് പറയുന്നില്ല. പക്ഷേ ശക്തമായ മൂവ്‌മെന്റാണിത്. രാജ്യം മെച്ചപ്പെടുന്നതിനുവേണ്ടിയാണ് നാം വിമര്‍ശിക്കുന്നത്. അപ്പോള്‍ പാകിസ്താനിലേക്കും സൗദി അറേബ്യയിലേക്കും വണ്ടി വിട്ടോ എന്നു പറയുന്നത് വിഡ്ഢിത്തമാണ്.

7.    പീക്ക് ഓയില്‍ പ്രതിസന്ധിയെന്താണ്?
ഫോസില്‍ ഇന്ധനങ്ങളുടെ അപാരമായ ഉപഭോഗം ലോകത്ത് പീക്ക് ഓയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മരിച്ചു മണ്ണടിഞ്ഞ ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും ശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ട സൂര്യപ്രകാശമാണ് കാലാന്തരത്തില്‍ ഫോസില്‍ ഇന്ധനമായി രൂപാന്തരപ്പെടുന്നത്. 40 വര്‍ഷത്തെ പ്രയത്‌നത്തിലൂടെയാണ് ഫോസില്‍ ഇന്ധന ഉറവിടമായ എണ്ണക്കിണറുകള്‍ കണ്ടെത്തുന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയ എണ്ണക്കിണറുകളില്‍ 95 ശതമാനവും പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞുവെന്നാണ് കണക്ക്. മറ്റു പാരമ്പര്യേതര ഇന്ധനങ്ങള്‍ ഇന്ന് കൃത്രിമമായി നിര്‍മിക്കാമെങ്കിലും ഫോസില്‍ ഇന്ധനത്തിന്റേതുപോലെ അതിന്റെ അനുബന്ധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ അവയ്ക്കാവില്ല. നമ്മുടെ നിത്യോപയോഗ സാധനമായ ടൂത്ത് പേസ്റ്റുപോലും ഫോസില്‍ ഇന്ധനത്തിന്റെ അനുബന്ധ ഉല്‍പന്നമാണ്. പീക്ക് ഓയില്‍ പ്രതിസന്ധി എത്ര രൂക്ഷമാണോ വികസനത്തിന്റെ അവസാനവും അവിടെ തുടങ്ങുകയാണ്.

IMARAN

8.    ഈ വിഷയത്തിലേക്ക് വരാനുള്ള പ്രേരണ?
എന്റെ ഭൂമി വിമാനത്താവളത്തിനുവേണ്ടി കൈയേറിയപ്പോഴാണ് തിരിച്ചറിവ് ഉണ്ടായത്. അതുവരെ എന്താണ് ജനകീയ സമരമെന്നോ, എങ്ങനെയാണ് ഈ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കഴിയുന്നതെന്നോ എനിക്കറിയില്ലായിരുന്നു. വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്‌പ്പെട്ടവരെ കണ്ടതോടെയാണ് വികസനത്തിന്റെ മറുപുറം വായിക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും ഒന്നും മനസ്സിലാവില്ലായിരുന്നു. പതുക്കെ ചില യാഥാര്‍ഥ്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. ഈയൊരു ചിന്താധാരയുണ്ടാക്കുന്നതില്‍ മേധാപഠ്കര്‍ക്കും നര്‍മദാ ബചാവോ ആന്ദോളനുമുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല. അതൊരു രാഷ്ട്രീയ ചുവടുമാറ്റമായിരുന്നില്ല. മാനുഷിക-സാമൂഹിക നീതിയായിരുന്നു ലക്ഷ്യം. വലിയ ഡാമുകളെക്കുറിച്ച് ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അത് ആമിറിനോടൊത്ത് നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്.

9. വികസനത്തെക്കുറിച്ച്?
ഇന്ത്യയെക്കുറിച്ച് ഞാന്‍ വളരെ ആകുലനാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പുസ്തകമെഴുതിയത്. ഇന്ത്യ ഇനിയും മറ്റു രാജ്യങ്ങളെപ്പോലെ വലിയ വികസന പിശകുകളിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഊര്‍ജത്തെ അടിസ്ഥാനമാക്കാതെയുള്ള മോഡലിലേക്ക് പോവാനാവും. വികസനം ആര്‍ക്കുവേണ്ടി എന്നുള്ളതാണ് ചോദ്യം. മേക്ക് ഇന്‍ ഇന്ത്യ എന്ന് മോദി പറയുമ്പോള്‍ മേക്ക് ഫോര്‍ ഇന്ത്യയാണ് യഥാര്‍ഥത്തില്‍ നമുക്കു വേണ്ടത്. ഇന്ത്യയുടെ വിലകുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ ഒരു ഫാക്ടറിയാക്കുകയാണ് മോദി. മേക്ക് ഇന്‍ ഇന്ത്യകൊണ്ട് ഇവിടുത്തെ സമ്പന്നര്‍ക്കു പണമുണ്ടാക്കാം എന്നല്ലാതെ ഇന്ത്യയുടെ വികസനത്തിന് അത് ഒരിക്കലും ഉപകാരപ്പെടുകയില്ല. രാജ്യത്തിന്റെ ഗ്രാമങ്ങള്‍ക്കുവേണ്ട വസ്തുക്കള്‍ ഇവിടെയുണ്ടാക്കാന്‍ പഠിക്കട്ടെ. കര്‍ഷകര്‍ ഹൈടെക്കാവുന്നതല്ല യഥാര്‍ഥ           വികസന മോഡല്‍.

RELATED STORIES

Share it
Top