സിനിമാ പ്രവര്‍ത്തകരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സംവിധായകന്‍

തൃശൂര്‍: സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി ആരോപിച്ച് തനിക്കെതിരെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും വ്യക്തിവിരോധത്തിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും സംവിധായകന്‍ കോടന്നൂര്‍ കണിയത്തു വീട്ടില്‍ നിധീഷ് കെ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് ഇതിനു പിന്നിലെ ഉദ്ദേശം. ഐ എന്‍ ടി യു സിയുടെ ഭാഗമായ ഇഫ്റ്റ എന്ന സിനിമാ സംഘടന നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇത്തരമൊരു വാര്‍ത്ത വന്നതെന്ന് അറിയാന്‍ കഴിഞ്ഞു. തട്ടിപ്പു നടത്തിയതായി വാര്‍ത്തയില്‍ ആരോപിക്കുന്ന ആരോണ്‍ ദേവരാഗ് എന്ന ബിജു അബ്രഹാമിന്റെ സംഘടനയുടെ ജില്ലാ സെക്രട്ടറിയും സംവിധായകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളുമായ പുതുപറമ്പില്‍ സുനില്‍ദാസ് ആണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരിലെ പ്രധാനി. എന്നാല്‍, ഇദ്ദേഹം ഇക്കാലം വരെ ഒരു സിനിമ സംവിധാനം ചെയ്തതായി അറിവില്ല. സുനില്‍ദാസ് എന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്ഷണമില്ലാതെ എത്തുകയും നായികയുടെ നമ്പറും മറ്റും കൈവശപ്പെടുത്തി പുതുതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അഭിനേതാക്കളോട് തിരക്കഥ എഴുതുന്നതിനെന്ന പേരില്‍ വന്‍ തുക ആവശ്യപ്പെട്ടു. ഇതിനു പുറമെ, എന്നെ നേരില്‍ വന്നു കണ്ട് താന്‍ സെക്രട്ടറിയായ സംഘടനയില്‍ അംഗമാകണമെന്ന് ആവശ്യപ്പെടുകയും സംഘടനയിലുള്ള മറ്റു താരങ്ങളെയും ടെക്‌നീഷ്യനെയും സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതൊന്നും നടക്കില്ലെന്നും സെറ്റില്‍ നിന്ന് പോകണമെന്നും പറഞ്ഞതിലുള്ള വിരോധത്താല്‍ എനിക്കെതിരെ വ്യാപകമായ കുപ്രചാരണങ്ങള്‍ നടത്തുകയായിരുന്ന നിധീഷ് പറഞ്ഞു. ഇതിനെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് സി ഐക്കും ഐ എന്‍ ടി യുസി നേതൃത്വത്തിനും പരാതി കൊടുത്തിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും നിധീഷ് പറഞ്ഞു.

RELATED STORIES

Share it
Top