സിനിമാ പ്രദര്‍ശനത്തിന് 120 വയസ്സ്

കോഴിക്കോട്: ചലച്ചിത്ര പ്രദര്‍ശനത്തിന്റെ മായക്കാഴ്ച്ചകളിലേക്ക് ലോകം മിഴിതുറന്നിട്ട് 120 വര്‍ഷം പിന്നിടുന്നു. ലൂമിയര്‍ സഹോദരന്‍മാരായ അഗസ്റ്റ് ലൂമിയര്‍, ലൂമി ലൂമിയര്‍ എന്നിവര്‍ പൊതുപ്രദര്‍ശനത്തിലൂടെ തങ്ങളുടെ ചലച്ചിത്രം ലോകത്തെ കാണിച്ചത് 1895 ഡിസംബര്‍ 28നായിരുന്നു. പാരീസിലെ ഗ്രാന്‍ഡ് കഫെയിലായിരുന്നു ലോകചരിത്രത്തില്‍ ഇടംനേടിയ പ്രദര്‍ശനം. സമുദ്രതീരത്തെ സ്‌നാനവും തീവണ്ടിയുടെ ആഗമനവും തൊഴില്‍ശാല വിട്ട് തൊഴിലാളികള്‍ പുറത്തുവരുന്നതുമായിരുന്നു മൂവി കാമറയും പ്രൊജക്ടറും ചേര്‍ന്ന ഉപകരണത്തിലൂടെ സ്‌ക്രീനില്‍ പതിപ്പിച്ചു കാണിച്ചത്.
ഏഴു മാസത്തിനു ശേഷം 1896 ജൂലൈ ഏഴിന് മുംബൈയിലേക്ക് സിനിമാറ്റോഗ്രാഫ് എന്ന ഉപകരണവുമായി ലൂമിയര്‍ സഹോദരന്മാര്‍ സിനിമാ പ്രദര്‍ശനത്തിനെത്തി. 1906ലാണ് കേരളത്തില്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം നടന്നത്. കോയമ്പത്തൂരിലെ പോള്‍ വിന്‍സന്റ് എന്ന റെയില്‍വേ ഉദ്യോഗസ്ഥനാണ് കേരളത്തിലേക്ക് സിനിമ എത്തിച്ചത്. ഒരു ഫ്രഞ്ചുകാരനില്‍ നിന്നു വാങ്ങിയ ബയോസ്‌കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദര്‍ശനം.
1907ല്‍ ഈ ബയോസ്‌കോപ് കാട്ടൂര്‍ക്കാരന്‍ വാറുണ്ണി ജോസഫ് (കെ ഡബ്ല്യു ജോസഫ്) സ്വന്തമാക്കി. ആ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് അദ്ദേഹം ചലച്ചിത്ര പ്രദര്‍ശനം നടത്തി. കേരളത്തിലെ പ്രദര്‍ശനവിജയത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്‌കോപ് പ്രദര്‍ശനങ്ങള്‍ നടത്തി. ഇദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്ര പ്രദര്‍ശന വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

RELATED STORIES

Share it
Top