സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സിനിമാ പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി നിര്‍ബന്ധമായും അച്ചടിക്കണമെന്നു കേരള വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. നിര്‍ദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാല്‍ കുട്ടികളുമൊത്തു സിനിമയ്‌ക്കെത്തുന്നവര്‍ക്കു മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള രംഗങ്ങള്‍ കാണേണ്ടിവരുന്ന സാഹചര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു കമ്മീഷന്റെ നടപടി. നിലവിലെ സെന്‍സര്‍ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും മാധ്യമ പരസ്യങ്ങളിലും സെന്‍സര്‍ കാറ്റഗറി വ്യക്തമാക്കണം.
എന്നാല്‍, ഇതു നിര്‍മാതാക്കളും വിതരണക്കാരും ലംഘിക്കുന്ന അവസ്ഥയുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ വ്യക്തമാക്കി. സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തവരുടെ മുമ്പാകെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തിേയറ്ററുകളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. പത്തനംതിട്ട വാഴമുട്ടം കിഴക്ക് സ്വദേശി വി പി സന്തോഷ് കുമാര്‍ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
സെന്‍സര്‍ ചട്ടങ്ങള്‍ സിനിമാ സംവിധായകരും നിര്‍മാതാക്കളും വിതരണക്കാരും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സെന്‍സര്‍ ബോര്‍ഡിനോടും തിരുവനന്തപുരത്തെ മേഖലാ ഓഫിസിനോടും ആവശ്യപ്പെട്ടു. പരസ്യങ്ങള്‍ അച്ചടിക്കുമ്പോള്‍ മാധ്യമ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. സിനിമാ പോസ്റ്ററുകളും ബോര്‍ഡുകളും പതിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് സെന്‍സര്‍ കാറ്റഗറി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നു തദ്ദേശസ്ഥാപന മേധാവികള്‍ക്കും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top