സിനിമാ തിയേറ്ററില്‍ ബാലികയ്ക്ക് പീഡനം; പോലിസിന്് വീഴ്ച

തിരുവനന്തപുരം/കൊച്ചി/മലപ്പുറം: മലപ്പുറം എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലിസിന്റെ ഗുരുതര വീഴ്ച. സിനിമാ തിയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍സഹിതം തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈനിന് നല്‍കിയ പരാതി ചൈല്‍ഡ്‌ലൈന്‍ ചങ്ങരംകുളം പോലിസിനു കൈമാറിയിരുന്നു. എന്നാല്‍, ദിവസങ്ങളോളം പോലിസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്താതെ മാറ്റിവയ്ക്കുകയായിരുന്നു. ശനിയാഴ്ച ചാനല്‍  ദൃശ്യം പുറത്തുവിട്ടപ്പോഴാണ് പോലിസ് രംഗത്തുവന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാപക പ്രതിഷേധമുയര്‍ന്നതോടെ എസ്‌ഐക്കെതിരേയും പോക്‌സോ പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ബാലപീഡനത്തിനു തെളിവുസഹിതം പരാതി നല്‍കിയിട്ടും ചങ്ങരംകുളം എസ്‌ഐ കെ ജി ബേബി നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണു തീരുമാനം. അതേസമയം, കേസ് വേണ്ടവിധം അന്വേഷിക്കുന്നതില്‍ ഡിവൈഎസ്പി വീഴ്ച വരുത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി പറഞ്ഞു. ബാലപീഡനം തടയാനുള്ള മാര്‍ഗനിര്‍ദേശം ഡിവൈഎസ്പി ലംഘിച്ചതായും കണ്ടെത്തി. എസ്പിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ ആരെയും ഒഴിവാക്കില്ലെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ ചങ്ങരംകുളം എസ്‌ഐക്കെതിരേ കേസെടുക്കുമെന്ന് പീഡനക്കേസ് അന്വേഷിക്കുന്ന ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസ് പറഞ്ഞു.
അതിനിടെ, പരാതി നല്‍കിയിട്ടും പ്രതിയെ തക്കസമയത്ത് അറസ്റ്റ് ചെയ്യാത്ത പോലിസിനെതിരേ ആരോഗ്യമന്ത്രിയും സ്പീക്കറും രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് സംസ്ഥാനത്തെ പോലിസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളടക്കം വിശ്വസനീയമായ തെളിവുകളാണ് പോലിസിന് ലഭിച്ചത്. എന്നിട്ടും നടപടിയെടുക്കാന്‍ വൈകിയത് അവിശ്വസനീയമാണെന്നും സ്പീക്കര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പോലിസിനെ വിമര്‍ശിച്ച് ആരോഗ്യ സാമൂഹികക്ഷേമ മന്ത്രി കെ കെ ശൈലജയും രംഗത്തെത്തി. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ തെളിവുകളടക്കം ലഭിച്ചിട്ടും അന്വേഷിക്കാത്തത് പോലിസിന്റെ വന്‍ വീഴ്ചയാണ്. പല സ്ഥലങ്ങളിലും പോലിസിന് വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പണം ഉപയോഗിച്ച് പരാതികള്‍ മൂടിവയ്ക്കപ്പെടുകയാണ്. കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ ഉണ്ടായാല്‍ പോലിസ് അടിയന്തരമായി കേസെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംഭവം അന്വേഷിക്കുന്നതില്‍ പോലിസിന് വീഴ്ച പറ്റിയതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനും പറഞ്ഞു. പീഡനം നടന്ന സംഭവം ചൈല്‍ഡ് ലൈനിനെ അറിയിക്കാന്‍ സന്നദ്ധത കാണിച്ച എടപ്പാളിലെ തിയേറ്റര്‍ ഉടമയെ അഭിനന്ദിക്കാന്‍ എത്തിയതായിരുന്നു ജോസഫൈന്‍. പരാതി ലഭിച്ച് 16 ദിവസത്തോളം മൂടിവച്ച ചങ്ങരംകുളം പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ തക്കതായ നടപടി ആവശ്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.
അതിനിടെ, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുയര്‍ന്നു. പീഡനദൃശ്യങ്ങള്‍ ചാനലിനു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് കൈമാറിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും കാണിച്ചാണ് ചൈല്‍ഡ് ലൈനിനെതിരേ നടപടിക്കൊരുങ്ങുന്നത്. എന്നാല്‍, തിയേറ്റര്‍ ഉടമകളാണ് പീഡനദൃശ്യങ്ങള്‍ വാര്‍ത്താ ചാനലിന് നല്‍കിയതെന്നാണ് അറിയുന്നത്.

RELATED STORIES

Share it
Top