സിദ്ദുവില്‍ തിളങ്ങി ഇന്ത്യ


ഗോള്‍ഡ്‌കോസ്റ്റ്: ഇന്നലെ ഷൂട്ടിങ് സെന്ററില്‍ നിന്നും മെഡലുകള്‍ വാരിയെടുക്കാന്‍ കൊതിച്ച ഇന്ത്യന്‍ ടീമിന് ആശ്വാസമായി 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹീന സിദ്ദുവിന്റെ സ്വര്‍ണം. ഇന്നലെ ഇന്ത്യ നേടിയ ഏക സ്വര്‍ണ മെഡല്‍ കൂടിയാണിത്. പാരാലിഫ്റ്റിങില്‍ സചിന്‍ ചൗധരി വെങ്കലവും നേടി.  ഷൂട്ടിങില്‍ പ്രതീക്ഷയര്‍പ്പിച്ച ഒളിംപ്യന്‍ ഗഗന്‍ നാരംഗ്  ഫൈനലില്‍  നിരാശപ്പെടുത്തിയപ്പോള്‍ ബോക്‌സിങ്  കോര്‍ട്ടിലിറങ്ങിയ  ഇന്ത്യന്‍  താരങ്ങളെല്ലാം സെമിയിലേക്ക് മുന്നേറിയത് ഇന്ത്യക്ക് ആശ്വാസമായി. അഞ്ചാം ദിനം അവസാനിക്കുമ്പോള്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ സുവര്‍ണനേട്ടത്തില്‍ ഹാഫ് സെഞ്ച്വറി കുറിച്ച ആസ്‌ത്രേലിയ ഒന്നാമതും  24 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമുണ്ട.്  ആസ്‌ത്രേലിയക്ക് 50 സ്വര്‍ണവും 38 വെള്ളിയും 42 വെങ്കലവുമായി ആകെ 130 മെഡലുകളാണുള്ളത്.

ഹീന സിദ്ദുവിന് സ്വര്‍ണം

ഇന്നലെ കോമണ്‍വെത്ത് ഗെയിംസില്‍ ആദ്യമായി 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മല്‍സരത്തിലിറങ്ങിയ ഹീന സിദ്ദു കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെയാണ് ഇന്ത്യ്ക്ക് സ്വര്‍ണം സമ്മാനിച്ചത.് ആസ്‌ത്രേലിയയുടെ എലീന ഗലിയാബോവിച്ചുമായി (35) നടത്തിയ മികച്ച പോരാട്ടത്തിനൊടുവില്‍ അവസാന ഷോട്ടുകളിലാണ് സിദ്ദു (38) സ്വര്‍ണം നേടിയത്്. ഈ ഇനത്തില്‍ മലേസ്യയുടെ ആലിയ സസാന അസഹരി വെങ്കലം നേടിയപ്പോള്‍ (26) ഇന്ത്യയുടെ അനു സിങിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിങ്കളാഴ്ച നടന്ന 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മനുഭാക്കറിന് പിന്നിലായി ഹീന വെങ്കലമെഡല്‍ നേടിയിരുന്നു.

ഗഗന്‍ നരംഗിന്  നിരാശ

ഇന്ത്യ ഇന്നലെ പ്രതീക്ഷ പുലര്‍ത്തിയ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ പുരുഷ ഷൂട്ടിങില്‍ ഗഗന്‍ നരംഗും ചെയിന്‍ സിങും ഫൈനലിലേക്ക് മുന്നേറിയെങ്കിലും ഇരുതാരങ്ങള്‍ക്കും മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ചെയിന്‍ സിങ് നാലാമതും ഗഗന്‍ നരംഗ് ഏഴാമതും ഫിനിഷ് ചെയ്തു. ഈ ഇനത്തില്‍ വെയില്‍സിന്റെ ഡേവിഡ് ഫെല്‍പ്‌സ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം വെടിവച്ചിട്ടപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ നീല്‍ സ്റ്റിര്‍ട്ടന്‍ വെള്ളിയും ഇംഗ്ലണ്ടിന്റെ കെന്നത്ത് പര്‍ വെങ്കലവും സ്വന്തമാക്കി.

വെങ്കലമുയര്‍ത്തി സചിന്‍

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പാരാലിഫ്റ്റിങില്‍ സചിന്‍ ചൗധരിയിലൂടെ ഇന്ത്യ മെഡല്‍ കരസ്ഥമാക്കി. പുരുഷന്‍മാരുടെ ഹെവിവെയ്റ്റ് പവര്‍ലിഫ്റ്റിങില്‍ 201 കിലോ ഉയര്‍ത്തിയാണ് താരം ഇന്ത്യക്ക് വെങ്കലമെഡല്‍ സമ്മാനിച്ചത്. ഈ ഇനത്തില്‍ രണ്ടാം ശ്രമത്തില്‍ 220 ഉയര്‍ത്തിയ നൈജീരിയയുടെ അബ്ദുല്‍ അസീസ് ഇബ്രാഹിം സ്വര്‍ണവും മൂന്നാം ശ്രമത്തില്‍ 220 ഉയര്‍ത്തിയ മലേസ്യയുടെ ജോങ് യികി വെള്ളിയും നേടി.

മലേസ്യയും കടന്ന് ഇന്ത്യ

പുരുഷ ഹോക്കിയിലും ഇന്ത്യ ജയിച്ചു കയറി. മലേസ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ സെമി സാധ്യത ഭദ്രമാക്കിയത്. ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് പെനല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച ഹര്‍മന്‍പ്രീതിലൂടെയാണ് ഇന്ത്യ മുന്നേറിയത്. രണ്ടാം മിനിറ്റില്‍ തന്നെ ഹര്‍മന്‍പ്രീത് സിങ് ആദ്യഗോള്‍ നേടിയപ്പോള്‍ 16ാം മിനിറ്റില്‍ മലേസ്യ സമനില കണ്ടെത്തി. എന്നാല്‍ 46ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതെടുത്ത രണ്ടാം പെനല്‍റ്റി ഷോട്ടും ലക്ഷ്യത്തിലെത്തിയതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയെ തുരത്തി ഇന്ത്യന്‍ പെണ്‍പട

ഒളിംപിക്‌സ് ചാംപ്യന്‍മാരായ ഇംഗ്ലണ്ട് വനിതാ ഹോക്കി ടീമിനെ പരാജയപ്പെടുത്തിയ ശേഷം ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തി ഇന്ത്യന്‍ തേരോട്ടം തുടരുന്നു. അവസാന ക്വാര്‍ട്ടറില്‍ (47)റാണി റാംപാലിന്റെ ഷോട്ട് ഗോളില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 1-0ന് തുരത്തുകയായിരുന്നു.

ബോക്‌സിങില്‍ ശുഭം

ബോക്‌സിങ് റിങില്‍ നിന്ന് ശുഭവാര്‍ത്തയാണ് ഇന്ത്യയെ തേടിയെത്തിയത്. ഇന്നലെ ക്വാര്‍ട്ടറില്‍ മല്‍സരിച്ച മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും സെമിയിലേക്ക് മുന്നേറി. ഇന്ത്യയുടെ മനോജ് കുമാറും അമിത് പങ്കലും സതീഷ് കുമാറും നമാന്‍ തന്‍വാറും ഹുസ്സാമുദ്ദീന്‍ മുഹമ്മദുമാണ് ഇന്നലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ താരരാജാക്കന്‍മാരായത്്. 46-49 വിഭാഗം ക്വാര്‍ട്ടറില്‍ അമിത് സ്‌കോട്ട്‌ലന്‍ഡിന്റെ അഖീല്‍ അഹമദിനെ 4-1ന് ഇടിച്ചിട്ടപ്പോള്‍ 91 കിലോ വിഭാഗത്തില്‍ സമോവയുടെ ഫ്രാങ്ക് മസോയിയെ 5-0ന് നമാന്‍ മുട്ടുകുത്തിക്കുകയായിരുന്നു. 56 കിലോ വിഭാഗത്തില്‍ സാംബിയയുടെ എവറിസ്റ്റോ മുലേങ്കയെ 5-0ന് പരാജയപ്പെടുത്തിയാണ് ഹുസ്സാമുദ്ദീന്‍ മുഹമ്മദ് സെമിയില്‍ പ്രവേശിച്ചത.് ആസ്‌ത്രേലിയയുടെ ടെറി നിക്കാളാസിനെ 4-1ന് അടിയറവ് പറയിച്ച് 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം ചൂടിയ മനോജ് കുമാറും സെമി ടിക്കറ്റുറപ്പിച്ചു.   മറ്റൊരു താരമായ സതീഷ് കുമാര്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ നിഗേല്‍ പോളിനെ 4-1ന് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് ചുവടുറപ്പിച്ചത.്13ന് നടക്കുന്ന സെമിയില്‍ അമിത് ഉഗാണ്ടയുടെ ജുമാ മിറോയുമായും മനോജ് ഇംഗ്ലണ്ടിന്റെ പാറ്റ് മക്കോര്‍മാക്കുമായും നമാന്‍ ആസ്‌ത്രേലിയയുടെ ജാസന്‍ വാട്ട്‌ലിയുമായും സതീഷ് കുമാര്‍ സീക്കലസിന്റെ കെഡി ആഗ്നസുമായും ഹുസാമുദ്ദീന്‍ പീറ്റര്‍ മക്‌ഗ്രെയിനുമായും കൊമ്പുകോര്‍ക്കും.

മുഹമ്മദ് അനസിന് നാലാം സ്ഥാനം

പുരുഷന്‍മാരുടെ 400 മീറ്ററില്‍ കേരളത്തിന്റെ മുഹമ്മദ് അനസ് പുതിയ ദേശീയ റെക്കോഡ്(45.31) സ്വന്തമാക്കിയെങ്കിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബോട്ട്‌സ്വാനയുടെയും ജമൈക്കയുടെയും ഉഗ്രന്‍ പോരാട്ടങ്ങളോടൊപ്പം ചുവടുറപ്പിച്ചാണ് താരം ഇന്നലെ 400 മീറ്ററില്‍ ചീറിപ്പാഞ്ഞത്. എന്നാല്‍ ഓട്ടക്കാരുടെ നാട്ടില്‍ നിന്നെത്തിയവരോട് മികച്ച പോരാട്ടം തന്നെ താരം പുറത്തെടുത്തെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താന്‍ താരത്തിന് കഴിഞ്ഞില്ല. ഈ ഇനത്തില്‍ ബോട്ട്‌സ്വാനയുടെ ഐസക് മക്‌വലയും (44.35) ബൊബൊലോകി തേവെയും(45.09) യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയപ്പോള്‍ ജമൈക്കയുടെ ജാവന്‍ ഫ്രാന്‍സിസ്(45.11) വെങ്കലവും സ്വന്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആസ്‌ത്രേലിയയുടെ കുത്തക തകര്‍ക്കാന്‍ ഫൈനലിലിറങ്ങിയ കേരളത്തിന്റെ സാജന്‍ പ്രകാശിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1500 മീറ്ററിലെ ഫ്രീസ്റ്റൈല്‍ ഫൈനലില്‍ 15 മിനിറ്റ് 52.54 സെക്കന്റ് കൊണ്ട് ഫിനിഷിങ് ലൈന്‍ തൊട്ടാണ് താരം ഏഴാമതെത്തിയത്.

RELATED STORIES

Share it
Top