സിദ്ദീഖ് വധക്കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി 25ന്

മഞ്ചേരി: കുറ്റിപ്പുറം പാലക്കളത്തില്‍ സിദ്ദിഖ് വധക്കേസില്‍ പ്രതി കുറ്റകാരനെന്ന് കോടതി കണ്ടെത്തി. കേസില്‍ 25ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ വി നാരായണന്‍ വിധി പറയും. തമിഴ്‌നാട് കടലൂര്‍ കാട്ടുമുന്നാര്‍കുടി കതിരുമേട് വടക്കുമാന്‍കുടി ചിന്നയ്യന്റെ മകന്‍ സി ദേവദാസ് (52) ആണ് പ്രതി. ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്.
2016 ആഗസ്ത് ഒമ്പതിന് രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം. കുറ്റിപ്പുറം പഴയ റയില്‍വേ ഗേറ്റിന് സമീപം വാടകയ്ക്കു താമസിക്കുന്ന കുറ്റിപ്പുറം പാലക്കളത്തില്‍ സൈതലവിയുടെ മകന്‍ മുഹമ്മദ് സിദ്ദീഖ് (50) ആണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ ദേവദാസും സിദ്ദിഖും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. മുറി വാടക സംബന്ധിച്ചും പ്രതി ഉച്ചത്തില്‍ ഫോണ്‍ വിളിച്ചതുമായും ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ സിദ്ദീഖിനെ പ്രതി തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വളാഞ്ചേരി സിഐ കെ എം സുലൈമാന്റെ നേതൃത്വത്തില്‍ 2016 ആഗസ്ത് 22ന് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 39 സാക്ഷികളാണ് ഈ കേസിലുള്ളത്.

RELATED STORIES

Share it
Top