സിദ്ദീഖ് നഗര്‍ ലക്ഷംവീട് കോളനിവാസികള്‍ക്ക്്് പട്ടയ വിതരണം ഇന്ന്

ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിന് അനുവദിച്ചുകിട്ടിയ സിദ്ദിഖ് നഗറിലെ ലക്ഷം വീട് കോളനി വാസികള്‍ക്കു നാല്‍പതിലേറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിക്കുന്നു. നാലുപതിറ്റാണ്ടിന് മുമ്പ്് താമസം തുടങ്ങിയ കുടുംബങ്ങള്‍ നാളിതുവരെ താമസ രേഖകളോ പട്ടയമോ ഇല്ലാതെ കഴിഞ്ഞുകയായിരുന്നു. 33 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ആദ്യം താമസം തുടങ്ങിയ നിരവധിപേര്‍ ഇതിനകം സ്വന്തമായ അവകാശ രേഖകളൊന്നമില്ലാതെ മണ്‍മറഞ്ഞു പോയി. മറ്റു ചിലര്‍ പല സ്ഥലങ്ങളിലേക്കും താമസം മാറിപ്പോവുകയും ചെയ്തു. എന്നാല്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു കാലത്ത് പട്ടയം ഉടന്‍ ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കാറുണ്ടെങ്കിലും ഇതുവരെയും പട്ടയം നല്‍കിയില്ല. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ഇന്നു രാവിലെ 10ന്് നടക്കുന്ന പട്ടയമേള ഉദ്ഘാടനവും പട്ടയ വിതരണവും സംസ്ഥാന മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. പട്ടയ വിതരണ പരിപാടിയില്‍ സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കലക്ടര്‍ മിര്‍ മുഹമ്മദലി, എഡിഎം എ മുഹമ്മദ് യൂസഫ്, ഡപ്യൂട്ടി കലക്ടര്‍ എം ഗോപിനാഥന്‍ സംബന്ധിക്കും.
40 വര്‍ഷം മുമ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പള്ളിപ്പാത്ത് അഹമ്മദ് കുട്ടി ഹാജിയുടെ പരിശ്രമഫലമായാണ് ഇവിടെ ലക്ഷം വീട് കോളനി വീടുകള്‍ ഉണ്ടാക്കിയത്. യാതൊരു പ്രതിഫലവും വാങ്ങാതെ തന്റെ സ്വന്തം ലോറിയില്‍ കല്ലും മണ്ണുമെല്ലാം ദൂരെ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്നാണ് 40 വീടുകള്‍ നിര്‍മിച്ചത്്്്. അന്നത്തെ പഞ്ചായത്ത് അംഗം പരേതനായ വി സി മക്കിയും ഏറെ സഹായം ചെയ്തിരുന്നു. അവകാശ രേഖകള്‍ തയ്യാറാക്കുന്നതില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാത്തിമ നല്ല ശ്രമം നടത്തിയതായും നാട്ടൂകാര്‍ പറയുന്നു.

RELATED STORIES

Share it
Top