സിഗ്‌നല്‍ ലൈറ്റ് തകരാറിലായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

വൈപ്പിന്‍: വൈപ്പിന്‍ —പള്ളിപ്പുറം സംസ്ഥാന പാതയിലെ പുനര്‍നിര്‍മാണം പൂര്‍ത്തിയാവാനുള്ള പാലങ്ങളില്‍ ഒന്നായ എടവനക്കാട്-പഴങ്ങാട് പാലത്തിലെ സിഗ്‌നല്‍ ലൈറ്റ് തകരാറിലായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
നിലവില്‍ പുനര്‍നിര്‍മാണം നടക്കുന്ന പാലത്തിന്റെ ഇരുഭാഗത്തും സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചാണ് വാഹനങ്ങള്‍ കടത്തിവിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ പാലത്തിനു സമീപത്തു സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ ലൈറ്റുകള്‍ ഇരുഭാഗത്തും ചുവന്ന ലൈറ്റു മാത്രം തെളിഞ്ഞു കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.
വാഹനങ്ങള്‍ കടന്നു പോവുന്നതിനുള്ള പച്ച ലൈറ്റ് കാത്ത് പാലത്തിന്റെ രണ്ടു ഭാഗത്തും ഇതുമൂലം വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. വാഹനങ്ങള്‍ പിന്നീട് ഒരേ സമയം കടന്നു പോവുമ്പോള്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്ളവരാണ് സിഗ്്‌നല്‍ പ്രവര്‍ത്തിക്കാത്തത് വാഹനത്തിലുള്ളവരെ അറിയിക്കുന്നത്.
പാലത്തിന് സമീപം സ്ഥിരമായി വാഹന പരിശോധന നടത്തി സിഗ്നല്‍ പാലിക്കാത്തതിനും മറ്റും പിഴയീടാക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ പോലിസോ ഇപ്പോള്‍ ഈ വഴി തിരിഞ്ഞുനോക്കാറില്ലന്ന് നാട്ടുകാര്‍ പറയുന്നു.
ബന്ധപ്പെട്ട അധികൃതരെ നാട്ടുകാര്‍ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹോംഗാര്‍ഡിന്റെ സേവനം നേരത്ത ഉണ്ടായിരുന്നതാണെങ്കിലും ഇപ്പോള്‍ ഒരു സംവിധാനവും ഇല്ലാത്ത സ്ഥിതിയാണുള്ളത്.

RELATED STORIES

Share it
Top