സിഖ് വിരുദ്ധ കൂട്ടക്കൊല: 186 കേസുകള്‍ പുനരന്വേഷിക്കും

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രിംകോടതി തീരുമാനം. ഇതിനായി റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോഴും സര്‍വീസിലുള്ള മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനുമായിരിക്കും പ്രത്യേക അന്വേഷണസംഘത്തിലെ മറ്റു രണ്ട് അംഗങ്ങള്‍.
സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര,  ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സര്‍ക്കാര്‍ നിര്‍ബന്ധം കാരണം കേസ് ഇന്നു വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ്, ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച് എസ് ഫൂല്‍ക എന്നിവര്‍ക്ക് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളെ നിര്‍ദേശിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഈ കേസുകളുടെ സ്വഭാവം തങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പുതിയ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. സുപ്രിംകോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഒരു ചരിത്രമാണെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേക സംഘത്തിനു 2015 ഫെബ്രുവരി 12നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയത്. രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം ആകെ 250 കേസുകളില്‍ ഒമ്പത് എണ്ണത്തില്‍ മാത്രമാണ് നിലവില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതെന്നും ഇതില്‍ രണ്ടെണ്ണം സിബിഐ അന്വേഷണമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) 241 കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് പരിശോധിക്കാന്‍ കഴിഞ്ഞ ആഗസ്തില്‍ മുന്‍ ജഡ്ജിമാരായ ജെ എം പഞ്ചലും കെ എസ് പി രാധാകൃഷ്ണനും അടങ്ങിയ സമിതിയെ സുപ്രിംകോടതി നിയോഗിച്ചു.
മൂന്നു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇവര്‍ക്കുള്ള നിര്‍ദേശം. 2017 സപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച സമിതി കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ച 241 കേസുകളില്‍ 186 എണ്ണം മതിയായ അന്വേഷണം കൂടാതെയാണ് അവസാനിപ്പിച്ചതെന്ന് ഇവര്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഘത്തെ വച്ചുള്ള പുനരന്വേഷണം.
രാജ്യത്ത് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം 2733 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി മൊത്തം 3325 സിഖുകാരാണ് കലാപത്തില്‍ കൊലചെയ്യപ്പെട്ടത്.

RELATED STORIES

Share it
Top