സിഐയെയും എസ്‌ഐയെയും ചോദ്യം ചെയ്യും

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട പറവൂര്‍ സിഐ, വരാപ്പുഴ എസ്‌ഐ എന്നിവരെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. നോര്‍ത്ത് പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ജി എസ് ദീപക് എന്നിവരെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുക. സംഭവത്തില്‍ നേരത്തേ സസ്‌പെന്റ് ചെയ്യപ്പെട്ട ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ കഴിഞ്ഞ ദിവസം ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ശ്രീജിത്തിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കസ്റ്റഡിയിലെടുത്ത് മൂന്നുനാലു മിനിറ്റിനുള്ളില്‍ തന്നെ ഇവരെ ലോക്കല്‍ പോലിസിനു കൈമാറിയെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ് സിഐയെയും എസ്‌ഐയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി അന്വേഷണസംഘം കഴിഞ്ഞ ദിവസം പറവൂര്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
മര്‍ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നു തെളിഞ്ഞുവെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു. കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും ചൊവ്വാഴ്ചയ്ക്കകം ഇതില്‍ വ്യക്തത വരുത്തുമെന്നും ഐജി പറഞ്ഞു.
ശ്രീജിത്തിനെ അന്യായമായി തടഞ്ഞുവച്ചതിനു മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ച വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മറ്റ് ഒമ്പതു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനുള്ള അപേക്ഷ ഉടനെ നല്‍കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

RELATED STORIES

Share it
Top