സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂളുകള്‍

കൊല്‍ക്കത്ത: വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സിഐഎസ്എഫിന്റെ സഹായം തേടി നഗരത്തിലെ നാല് സ്‌കൂളുകള്‍. റാഗിങും ലൈംഗിക അതിക്രമങ്ങളും സ്‌കൂളുകളില്‍ വ്യാപകമാവുന്നുവെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ചാണ് അധികൃതര്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്)യെ സമീപിച്ചത്. നഗരത്തിലെ ഒരു സ്‌കൂളില്‍ നിന്ന് ഈയിടെ ലൈംഗിക അതിക്രമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌കൂളുകളിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരേ നിരവധി രക്ഷിതാക്കള്‍ രംഗത്തു വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിഐഎസ്എഫിനെ സമീപിക്കാനുള്ള സ്‌കൂളുകളുടെ തീരുമാനം. ലാ മാര്‍ട്ടിനിയര്‍ ഗേള്‍സ് സ്‌കൂള്‍, ലാ മാര്‍ട്ടിനിയര്‍ ബോയ്‌സ് സ്‌കൂള്‍, സെന്റ് സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, ജിഇഎംഎസ് അക്കാദമിയാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നിവയാണ് സിഐഎസ്എഫിനെ സമീപിച്ച സ്‌കൂളുകള്‍. സിഐഎസ്എഫ് അധികൃതര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയെന്നും അവരുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ബാക്കി നടപടികള്‍ കൈക്കൊള്ളുമെന്നും ലാ മാര്‍ട്ടിനിയര്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വ്യാവസായിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും സുരക്ഷയൊരുക്കുന്ന വിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേന. അതേസമയം, കൊല്‍ക്കത്തയിലെ നാല് സ്‌കൂളുകളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 സ്‌കൂളുകള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ക്കായി സമീപിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ പി സിങ് പറഞ്ഞു. എന്നാല്‍ നേരിട്ട് സുരക്ഷ നല്‍കാന്‍ സേനയ്ക്കാവില്ല. സുരക്ഷയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഉദ്ദേശ്യമെന്നും സിങ് വ്യക്തമാക്കി.

RELATED STORIES

Share it
Top