സിഎസ്‌ഐ ഭൂമി ഇടപാട്: രാപകല്‍ സമരവുമായി സംയുക്ത സമരസമിതി

കോഴിക്കോട്: സിഎസ്‌ഐ ഭൂമി കൈമാറ്റത്തില്‍ തുടര്‍ സമരങ്ങളുമായി സിഎസ്‌ഐ മലബാര്‍ ഇടവക സംയുക്ത സമരസമിതി രാപകല്‍ സമരമാരംഭിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനു ചുമതല നല്‍കിയതിനു ശേഷം അന്വേഷണം ആരംഭിക്കാതെ ഇടപാട് സുതാര്യമാണെന്നു വരുത്താനാണ് സിഎസ്‌ഐ മഹായിടവക ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നാരോപിച്ചാണ് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.
മഹായിടവകയിലെ വിവിധ പ്രദേശങ്ങളിലെ വിശ്വാസികളുടെ നേതൃത്വത്തില്‍ സിഎസ്‌ഐ പള്ളി പരിസരത്താണ് സമരം. ഭൂമിഇടപാടിനെതിരേ കോടതി വിധിയുണ്ടായിരിക്കെ വാടക പ്രശ്‌നം മാത്രമാണെന്നു കാണിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് സഭാ നേതൃത്വം ശ്രമിക്കുന്നതെന്ന് സംയുക്തസമരസമിതി ആരോപിച്ചു.
സഭാവിശ്വാസികളുടെ ഉപരോധ സമരത്തിന്റെ ഫലമായി ഭൂമിയിടപാടിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയും പരാതിക്കാരില്‍ നിന്നു തെളിവുകള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത ബിഷപ്പ് ഇടയലേഖനം വഴി സ്വയം ന്യായീകരിക്കുകയും സഭാവിശ്വാസികളെ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുകയാണുണ്ടായത്.
അന്വേഷണം ആരംഭിക്കും മുമ്പ് തന്നെ കമ്മീഷനു നേതൃത്വം നല്‍കേണ്ട സഭാ അല്‍മായ സെക്രട്ടറിയുമായി ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി ഇടപാട് സുതാര്യമാണന്നു പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ട്. സ്വകാര്യ വസ്ത്രാലയവുമായി നടത്തിയ ഭൂമി ഇടപാടിന്റെ ഉടമ്പടി റദ്ദു ചെയ്ത് ഭൂമി തിരിച്ചെടുക്കും വരെ തുടര്‍സമരങ്ങളുമായി മുന്നോട്ടു പോവുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

RELATED STORIES

Share it
Top