സിംഹമടയില്‍ അടാറ് ജയവുമായി ബംഗ്ലാദേശ് ഫൈനലില്‍


കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലില്‍. ആവേശം അവസാന ഓവറിലേക്കെത്തിയ മല്‍സരത്തില്‍ രണ്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.5 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സ് നേടി വിജയം പിടിക്കുകയായിരുന്നു.
തിസര പെരേര എറിഞ്ഞ 19പത്തൊമ്പതാം ഓവറില്‍ 11 റണ്‍സ് പിറന്നതോടെ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 12 റണ്‍സായിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളിലും മുഷ്തഫിസൂര്‍ റഹ്മാന് റണ്ണെടുക്കാനായില്ല.രണ്ടാം പന്തില്‍ റഹ്മാന്‍ പുറത്താകുകയും ചെയ്തു. അടുത്ത രണ്ടു പന്തില്‍ ആറ് റണ്‍സ് നേടിയതോടെ അവസാന രണ്ട് പന്തില്‍ ആറ് റണ്‍സെന്ന നിലയിലേക്ക് വിജയ ലക്ഷ്യം മാറി. മികച്ച ഫോമില്‍ ബാറ്റുവീശീയ മഹമ്മൂദുല്ല ഉസുര ഉഡാനെ സിക്‌സര്‍ പറത്തിയതോടെ ഒരു പന്ത് ബാക്കി നില്‍ക്കെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കുകയായിരുന്നു.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മഹമ്മൂദുല്ലയുടെ (43*) ബാറ്റിങാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു മഹമ്മദുല്ലയുടെ ഇന്നിങ്‌സ്. തമിം ഇക്ബാല്‍ (50) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. മുഷ്ഫിഖര്‍ റഹിം 28 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ലങ്കയ്ക്കുവേണ്ടി കുശാല്‍ പെരേരയും (61)  തിസാര പെരേരയും (58) അര്‍ധ സെഞ്ച്വറി നേടി.

RELATED STORIES

Share it
Top