സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തുവാരിപാകിസ്താന്‍ബുലാവായോ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി പാകിസ്താന്‍. അഞ്ചാം ഏകദിനത്തില്‍ സിംബാബ്‌വെയെ 131 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ അഞ്ച് മല്‍സര പരമ്പര 5-0ന് സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്ക് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വെടിക്കെട്ട് സെഞ്ച്വറി നേടിയ ബാബര്‍ അസമിന്റെയും (106) ഇമാമുല്‍ ഹഖിന്റെയും (110) പ്രകടനമാണ് പാകിസ്താന് വമ്പന്‍ ജയം സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് വേണ്ടി ഓപണര്‍മാര്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കഴിഞ്ഞ മല്‍സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഫഖര്‍ സമാന്‍ (85) ഇത്തവണ അര്‍ധ സെഞ്ച്വറി നേടിയതോടെ ഇമാമുല്‍ ഹഖിനൊപ്പം ഒന്നാം വിക്കറ്റില്‍ 168 റണ്‍സാണ് പടുത്തുയര്‍ത്തിയത്. പിന്നീട് ഫഖര്‍ മടങ്ങിയെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ബാബര്‍ അസം സെഞ്ച്വറി നേടിയതോടെ പാക് സ്‌കോര്‍ബോര്‍ഡ് മികച്ച നിലയിലേക്കെത്തുകയായിരുന്നു.  മറുപടിക്കിറങ്ങിയ സിംബാബ്‌വെ നിരയില്‍ റ്യാന്‍ മുറെയാണ് (47) ടോപ് സ്‌കോറര്‍. പീറ്റര്‍ മൂറും (44*) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഫഖര്‍ സമാന്‍ പരമ്പരയിലെ താരമായപ്പോള്‍ ബാബര്‍ അസമാണ് കളിയിലെ താരം.

RELATED STORIES

Share it
Top