സിംഗറേനി കല്‍ക്കരി ഖനിത്തൊഴിലാളികള്‍ ഇന്ന് മുതല്‍ പണിമുടക്കുംഹൈദരാബാദ്: സിംഗറേനി കല്‍ക്കരി ഖനിയിലെ തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. ആശ്രിത നിയമന പദ്ധതി പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പദ്ധതി പുതുക്കാമെന്നുള്ളത് തെലങ്കാന രാഷ്ട്രസമിതിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതു സംബന്ധിച്ച് മാനേജ്‌മെന്റും തൊഴിലാളി യൂനിയനുകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ആശ്രിതനിയമനം പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ ഹൈദരാബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ആരോഗ്യക്കുറവുള്ള തൊഴിലാളികളെ ആശ്രിത നിയമനം നല്‍കാമെന്ന വ്യവസ്ഥയില്‍ സ്വയം പിരിഞ്ഞുപോകാമെന്നതാണ് പദ്ധതി.ഹൈക്കോടതിയില്‍ കേസ് നേരാംവണ്ണം അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സിഐടിയു തെലങ്കാന സെക്രട്ടറി ബി മധു ആരോപിച്ചു. മാനേജ്‌മെന്റുകളുമായി നാല് പ്രാവശ്യം ചര്‍ച്ച നടത്തി. നിയമത്തില്‍ നിന്ന് വ്യതിചലിക്കാതെ പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ യൂനിയന്‍ മുന്നോട്ടുവച്ചെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, എച്ച്എംഎസ്, ബിഎംഎസ് എന്നിവയടക്കമുള്ള സംഘടനകള്‍ അനിശ്ചിതകാല സമരത്തില്‍ പങ്കുചേരും.എന്നാല്‍, പ്രധാന അംഗീകൃത യൂനിയനായ തെലങ്കാന ബോഗു ഖനി കര്‍മിക സംഘം (ടിബിജികെഎസ്) സമരത്തില്‍ പങ്കെടുക്കുന്നില്ല. അതിനാല്‍, ഉല്‍പാദനത്തെ കാര്യമായി ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top