സാഹോദര്യത്തിന്റെ പാരമ്പര്യംകൊണ്ട്് ഫാഷിസത്തെ പ്രതിരോധിക്കണം: ഹിസ്റ്ററി കോണ്‍ഫറന്‍സ്‌

കോഴിക്കോട്: സാമുദായിക ധ്രുവീകരണവും സംഘര്‍ഷങ്ങളും അധികാരത്തിന്റെ മൂലധനമായിമാറുന്ന കാലത്ത് രാജ്യത്തിന്റെ സഹവര്‍ത്തിത്ത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ പാരമ്പര്യത്തെ കണ്ടെടുത്ത് പ്രതിരോധം തീര്‍ക്കണമെന്ന് ജെഡിടി കാംപസില്‍ സംഘടിപ്പിച്ച സാമൂഹി ക സഹവര്‍ത്തിത്ത്വം കേരള ചരിത്ര പാഠങ്ങള്‍ ഹിസ്റ്ററി കോ ണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ സംഘാടകര്‍. രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുന്ന സംഘപരിവാര നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിയും പടിഞ്ഞാറുവശത്തെ സമുദ്ര സാന്നിധ്യവുമാണ് വിദേശികളെ മാടിവിളിക്കുകയും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്ക് കാരണമാവുകയും ചെയ്തതെന്ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞു. കലാപങ്ങളിലൂടെ നൂറ് കണക്കിന് ന്യൂനപക്ഷവിഭാഗത്തില്‍പെട്ടവരെ അരുംകൊല ചെയ്ത സംഘപരിവാരം മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത് കാപട്യമാണെന്ന് എം ഐ ഷാനവാസ് എംപി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള സൗഹാര്‍ദമാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നും വിവിധ സമുദായങ്ങളുടെ സാഹോദര്യത്തിന് മികച്ച മാതൃകയാണ് കേരളത്തിന്റെ പുരാതന ചരിത്രമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. അഭിപ്രായപ്പെട്ടു. രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ സംഘടിതമായി ചെറുത്തു തോല്‍പിക്കാന്‍ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചരിത്രത്തില്‍ അസന്നിഹിതമാക്കപ്പെട്ട ദലിത് സമൂഹങ്ങളെ വീണ്ടും അപ്രത്യക്ഷമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവശ്യത്തിന് പിന്നിലുള്ളതെന്ന് ദലിത് ചിന്തകന്‍ കെ കെ കൊച്ച് പറഞ്ഞു.  മുന്‍ എംപി ടി കെ ഹംസ, ഡോ കെ എസ് മാധവന്‍, പി മുജീബ്—റഹ്മാന്‍ സംസാരിച്ചു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. വിവിധ സെഷനില്‍ ശിഹാബ് പൂക്കോട്ടൂര്‍ ,ഫൈസല്‍ പൈങ്ങോട്ടായി ,ഡോ. കെ അബ്ദുസ്സത്താര്‍, ഡോ. എം പി മുജീബ് റഹ്മാന്‍,  എം എ അജ്മല്‍ മുഈന്‍, എ എസ് അജിത്കുമാര്‍, ഇ എസ് അസ്‌ലം, വി എം ഇബ്—റാഹിം , അഫീദ അഹമ്മദ്, അബ്ദുര്‍റഹ്മാന്‍ മങ്ങാട്ട് സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

RELATED STORIES

Share it
Top