സാഹസിക മാസം പദ്ധതി: ആവേശമുയര്‍ത്തി പൈതൃക മാരത്തണ്‍

തലശ്ശേരി: സമൂഹത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സാഹസിക മാസം പദ്ധതിയുടെ ഭാഗമായി തലശ്ശേരിയില്‍ നടന്ന ഹെറിറ്റേജ് മാരത്തണില്‍ വനിതകള്‍ ഉള്‍പ്പെടെ 400ലേറെ പേര്‍ പങ്കെടുത്തു. തലശ്ശേരിയിലെ വിവിധ പൈതൃക സ്മാരകങ്ങളെ കോര്‍ത്തിണക്കിയാണു പൈതൃക മാരത്തണ്‍ സംഘടിപ്പിച്ചത്.
തലശ്ശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച് തലശ്ശേരി കോട്ട, കടല്‍പാലം, ചാലില്‍ പള്ളി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ഓടത്തില്‍ പള്ളി തുടങ്ങിയ കേന്ദ്രങ്ങള്‍ ചുറ്റി 10.5 കിലോമീറ്റര്‍ ദൂരം പിന്നിട്ട് സ്‌റ്റേഡിയത്തില്‍ തന്നെ സമാപിച്ചു. തലശ്ശേരി കോട്ട, തിരുവങ്ങാട്, കടല്‍പാലം എന്നിവിടങ്ങളില്‍ സെല്‍ഫി പോയിന്റുകള്‍ ഒരുക്കിയിരുന്നു.
പുരുഷ വിഭാഗത്തില്‍ സി പി ഷൈജു (33 മിനിറ്റ് 42 സെക്കന്റ്), എ വി ഷൈജു (35 മിനിറ്റ് 10 സെക്കന്റ്), വി വിജേഷ് (35 മിനിറ്റ് 11 സെക്കന്റ്) എന്നിവരും വനിതകളില്‍ സ്‌റ്റെല്ല മേരി (48 മിനിറ്റ് 24 സെക്കന്റ്), സായന (52 മിനിറ്റ് 14 സെക്കന്റ്), അനശ്വര (52 മിനിറ്റ് 33 സെക്കന്റ്) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാരത്തണില്‍ പത്തര കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. സാഹസിക മാസം പദ്ധതിയുടെ മൂന്നാമത്തെ ഞായറാഴ്ചയായ മെയ് 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിങ് എന്നിവ നടത്തും. കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സൈക്ലത്തോണും ബീച്ചില്‍ സൈക്കിളോട്ട മല്‍സരവും സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top