സാലറി ചാലഞ്ച്: വിസമ്മതപത്രം നല്‍കിയത് 1,15,000 ജീവനക്കാര്‍

കൊച്ചി: സംസ്ഥാനത്തെ 1,15,000 ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കില്ലെന്ന് വിസമ്മതപത്രം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍ബന്ധിത സ്വഭാവത്തില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ കേരള എന്‍ജിഒ സംഘ് നല്‍കിയ ഹരജിയിലാണ് വിശദീകരണം.
പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടത്തിയ സാലറി ചലഞ്ച് പദ്ധതിയുമായി ബന്ധപ്പെട്ട് ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 79 ശതമാനത്തിലേറെ പേരും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കിയതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. 85.64 ശതമാനം സെക്രേട്ടറിയറ്റ് ജീവനക്കാരും ശമ്പളം സംഭാവന നല്‍കിയപ്പോള്‍ എയ്ഡഡ് കോളജ് ജീവനക്കാരില്‍ 82.17 ശതമാനം പേരും വിസമ്മതപത്രം നല്‍കിയതായും ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ മദന്‍കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 1,76,259 നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ 1,40,219 പേരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 23,597 ഗസറ്റഡ് ഓഫിസര്‍മാരില്‍ 18,660 പേരും ശമ്പളം നല്‍കി. മുനിസിപ്പല്‍ ജീവനക്കാരില്‍ 79.11, പിഎസ്‌സിയില്‍ 61.97, സര്‍വകലാശാല ജീവനക്കാരില്‍ 65.40, ലെജിസ്‌ലേറ്റീവ് സെക്രട്ടേറിയറ്റില്‍ 62.47 ശതമാനം പേര്‍ വീതം സാലറി ചാലഞ്ചില്‍ പങ്കാളികളായി. 2663 ഗവ. കോളജ് അധ്യാപകരില്‍ 1156 പേരും (43.41) സഹകരിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക ജീവനക്കാരില്‍ 40.31 ശതമാനം പേരും സാലറി ചാലഞ്ചുമായി സഹകരിച്ചപ്പോള്‍ 10,000 വരുന്ന എയ്ഡഡ് കോളജ് അധ്യാപകരില്‍ 17.83 ശതമാനം മാത്രമാണ് ശമ്പളം നല്‍കിയത്. ശേഷിക്കുന്നവര്‍ വിസമ്മതപത്രം നല്‍കി. ഇതില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ആവശ്യപ്പെടുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്ന വാദം തെറ്റാണെന്ന് വ്യക്തമാണ്. ഹരജിക്കാര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് സാലറി ചാലഞ്ച് തീരുമാനമുണ്ടായത്. മിക്കവാറും സംഘടനകള്‍ ഇതിനെ അനുകൂലിച്ചതാണ്. ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അതിനുള്ള അവസരമായാണ് വിസമ്മതപത്രം അനുവദിച്ചത്.
ഇനിയും ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, പിഎഫ് വായ്പ, ലീവ് സറണ്ടര്‍ എന്നിവ മുഖേനയുള്ള പണം നല്‍കല്‍ ആനുകൂല്യം ലഭിക്കില്ല. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ സുപ്രിംകോടതിയില്‍ അഭ്യര്‍ഥനയുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടതിന്റെ രേഖകളും സര്‍ക്കാര്‍ ഹാജരാക്കി.

RELATED STORIES

Share it
Top