സാലറി ചാലഞ്ച് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കിയ സാലറി ചാലഞ്ചിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീഷണികൊണ്ടും അധികാരംകൊണ്ടും സര്‍ക്കാര്‍ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയത്.
സാലറി ചാലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണ്. സെക്രട്ടേറിയറ്റില്‍ മാത്രം ഏതാണ്ട് 1500 ഓളം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയിരുന്നു. ഫിനാല്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് 173 പേരും പൊതുഭരണ വകുപ്പില്‍ നിന്ന് 700ലധികം ജീവനക്കാരും ലോ ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് 40 പേരും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് 433 ജീവനക്കാരും വിസമ്മതപത്രം നല്‍കി. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ ഇടതുസംഘടനയില്‍ പെട്ടവരുള്‍പ്പെടെയുള്ളവര്‍ വിസമ്മതപത്രം നല്‍കി.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് 70 ശതമാനം അധ്യാപകരും സാലറി ചാലഞ്ചിനോട് പുറംതിരിഞ്ഞുനിന്നു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ 70 ശതമാനവും സാലറി ചാലഞ്ചിനോട് വിരുദ്ധ മനോഭാവം പ്രകടിപ്പിച്ചുവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് തന്നെ സമ്മതിക്കുന്നു. സ്ഥലംമാറ്റ ഭീഷണിയും ശാരീരികമായി നേരിടുമെന്ന ഭീഷണിയുംകൊണ്ട് മാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായി നിന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോലിസിലാവട്ടെ വിസമ്മതപത്രം നല്‍കിയാല്‍ ട്രെയിനിങിലുള്ള പോലിസുകാരുടെ ട്രെയിനിങ് നീട്ടുമെന്നും സര്‍വീസിലുള്ള പോലിസ് ഉദ്യേഗസ്ഥരെ പ്രമോഷന്‍ ടെസ്റ്റുകളില്‍ തോല്‍പ്പിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഡിജിപി സാലറി ചാലഞ്ച് തന്റെ പ്രസ്റ്റീജിന്റെ പ്രശ്‌നമാണെന്നും എന്ത് വിലകൊടുത്തും എല്ലാവരില്‍ നിന്നും ഒരുമാസത്തെ ശമ്പളം ഈടാക്കണമമെന്നുമാണ് കീഴുദ്യോഗസ്ഥര്‍ക്ക് കൊടുത്ത നിര്‍ദേശം. ശനിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സാലറി ചാലഞ്ച് വീണ്ടും നീട്ടിയിരിക്കുകയാണ് എന്നാണ് ധനകാര്യമന്ത്രി പറയുന്നത്.
അതിനര്‍ഥം സര്‍ക്കാര്‍ ഉദ്ദേശിച്ചപോലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായില്ല എന്നു തെന്നയാണ്. പെന്‍ഷന്‍കാരോട് ഇഷ്ടമുള്ള തുക സംഭാവന ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. അതേ മാതൃക സര്‍ക്കാര്‍ ജീവനക്കാരുെട കാര്യത്തിലും പിന്തുടരണമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top