സാലറി ചാലഞ്ചിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: മന്ത്രി

തൃശൂര്‍: സാലറി ചാലഞ്ചിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന വിവാദം അനാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍. താന്‍ വാങ്ങുന്ന ശമ്പളം ജനങ്ങളുടേത് കൂടിയാണ് എന്ന ബോധമുള്ള മനുഷ്യരായി ഒരു മാസത്തെ ശമ്പളം കഴിയാവുന്നവര്‍ നല്‍കണം എന്നാണു സര്‍ക്കാര്‍ പറയുന്നത്. തീരെ കഴിയാത്തവര്‍ക്ക് വിസമ്മതപത്രം നല്‍കാനും അവസരമുണ്ട്. വിസമ്മതപത്രം നല്‍കുന്നവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ല. അതേസമയം, പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് കുടുംബശ്രീക്ക് മഹത്തായ പങ്കുവഹിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ യൂനിറ്റ് രൂപീകരണവും പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖല—കളുടെ പുനരുജ്ജീവനത്തില്‍ പങ്കാളികളായി കുടുംബശ്രീക്ക് ഫലപ്രദമായ മാറ്റമുണ്ടാക്കാനാവും. ലൈഫ് മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1,75,000 വീടുകള്‍ പണിയുന്നുണ്ട്. കൂടാതെ ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ജില്ലയില്‍ ഒരു വീടെന്ന രീതിയിലും വീടു പണിയും. മൂന്നാംഘട്ട ലൈഫ് മിഷ ന്‍ ആരംഭിക്കുന്നതോടെ നിര്‍മാണ മേഖലയിലെ തൊഴിലവസരം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അയല്‍ക്കൂട്ടം വഴി ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രളയനഷ്ടത്തില്‍ 10,000 രൂപ ലഭിച്ചവര്‍ക്ക് വായ്പയാണ് ഈ തുക ലഭിക്കുക. ഈ തുക അര്‍ഹതപ്പെട്ടവര്‍ക്കാണ് കിട്ടുന്നതെന്നു കുടുംബശ്രീ ഉറപ്പാക്കണം. കുടുംബശ്രീയില്‍ അംഗങ്ങളാവാത്തവരുടെ കാര്യം രണ്ടാമതു തീരുമാനിക്കും. വായ്പയായി കുടുംബശ്രീക്ക് 3000 കോടി രൂപയാണു ലഭിക്കുക എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹരിതകേരളത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ടുവരെയുള്ള തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാവണം. 30ന് കുടുംബശ്രീ അംഗങ്ങളെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളി ല്‍ പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീക്ക് സ്വന്തം നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ഷീല വിജയകുമാര്‍ മുഖ്യാതിഥികളായി. 14 പഞ്ചായത്തുകളില്‍ നിന്നും ആറു നഗരസഭകളില്‍ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരായ 225 പേര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി. 24 മുതല്‍ ആറു ദിവസം ഇവര്‍ക്ക് സ്‌കില്‍ ട്രെയ്‌നിങ് നല്‍കും. വരുന്ന ഒരു മാസം തൊഴില്‍ മേഖല കേന്ദ്രീകരിച്ചുള്ള പരിശീലനമാണ് നല്‍കുക.

RELATED STORIES

Share it
Top