സാലറി ചലഞ്ച്: സര്‍ക്കാരിന് തിരിച്ചടി; ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി.
വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ സ്‌റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ നടപടി കോടതി ശരിവച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ തെറ്റില്ലെന്നും വിധിയില്‍ ഇടപെടാനാവില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നു നിരീക്ഷിച്ച കോടതി, സര്‍ക്കാരിനു വേണമെങ്കില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാമെന്ന് വ്യക്തമാക്കി. സുപ്രിംകോടതി ജഡ്ജിമാര്‍ എന്ന നിലയില്‍ ഞങ്ങള്‍ രണ്ടുപേരും 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അതു നല്‍കാന്‍ ഞങ്ങള്‍ക്കു സമ്മതമല്ലായിരുന്നുവെന്നു കരുതുക. അത് പ്രഖ്യാപിച്ചു സ്വയം അപമാനിതരാവുന്നത് എന്തിനാണെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യം. 22ന് മുമ്പ് വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ ശമ്പളം പിടിക്കുമെന്ന് പറയുന്നത് എങ്ങനെ ശരിയാവുമെന്നും അദ്ദേഹം ചോദിച്ചു. വാങ്ങുന്ന പണം ദുരിതാശ്വാസത്തിന് വേണ്ടി തന്നെ ഉപയോഗിക്കുമെന്ന് എന്താണ് ഉറപ്പ്. മധ്യപ്രദേശില്‍ സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിന്റെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ എന്റെ ചേംബറിലേക്ക് വന്നാല്‍ മതി. വാങ്ങിയ ആവശ്യത്തിനു തന്നെ പണം ഉപയോഗിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മിശ്ര പറഞ്ഞു.
നിര്‍ബന്ധിച്ചു വിസമ്മതപത്രം വാങ്ങിക്കുകയല്ല, ആളുകള്‍ അവര്‍ക്കു സാധിക്കുന്നത് നല്‍കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ആ രീതിയിലാണ് തീരുമാനം എടുക്കേണ്ടിയിരുന്നത്. ഹൈക്കോടതി ഇക്കാര്യത്തിലെടുത്ത തീരുമാനം ഉചിതമാണെന്നും ജസ്റ്റിസ് വിനീത് ശരണ്‍ പറഞ്ഞു.
എന്നാല്‍, സുപ്രിംകോടതിയുടെ ഉത്തരവില്‍ ഇതേ രീതിയിലുള്ള വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചു. സുപ്രിംകോടതിയുടെ സര്‍ക്കുലറില്‍ വിസമ്മതപത്രം നല്‍കാമെന്ന തരത്തില്‍ വ്യവസ്ഥയുണ്ടെങ്കില്‍ ആരെങ്കിലും അതിനെ ചോദ്യം ചെയ്യട്ടെ. അപ്പോള്‍ കോടതി അക്കാര്യം പരിശോധിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇതിന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മറുപടി.
ഇതോടെ, താല്‍പര്യമുള്ളവരില്‍ നിന്നു മാത്രം ശമ്പളം പിടിക്കാനുള്ള രീതിയില്‍ സര്‍ക്കുലര്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കണമെന്ന് ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സര്‍ക്കാരിന് അങ്ങനെ ഭേദഗതി ചെയ്യാമെന്നും അക്കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നുമായിരുന്നു ഇതിന് ജസ്റ്റിസ് മിശ്രയുടെ മറുപടി.
സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു. താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ച് ഇഷ്ടമുള്ള തുക സംഭാവന നല്‍കാമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top