സാലറി ചലഞ്ച്: സംഭാവന നല്‍കാത്ത കോളജ് അധ്യാപകരെ വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍

കുന്ദമംഗലം (കോഴിക്കോട്): മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു സംഭാവന നല്‍കാന്‍ തയ്യാറാവാത്ത എയിഡഡ് കോളജ് അധ്യാപകരെ വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ചാത്തമംഗലം ഗവ. കോളജ് ഉദ്ഘാടനം ചെയ്യവേയാണ് സംഭാവന നല്‍കാന്‍ തയ്യാറാവാത്ത എയ്ഡഡ് കോളജ് അധ്യാപകരെ മന്ത്രി വിമര്‍ശിച്ചത്.
1800 കോടിയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഇതുവരെ പല ദിക്കില്‍ നിന്ന് എത്തിച്ചേര്‍ന്നത്. എന്നാല്‍ എയ്ഡഡ് കോളജ് അധ്യാപകരില്‍ 18 ശതമാനം മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
മുക്കാല്‍ ലക്ഷം മുതല്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപ വരെ ഓരോ മാസവും ശമ്പളം വാങ്ങുന്ന എയ്ഡഡ് കോളജ് അധ്യാപകരുടെ ഒരു മാസത്തില്‍ മൂന്നു ദിവസത്തെ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. ഇത് പോലും നല്‍കാന്‍ 82 ശതമാനം അധ്യാപകരും തയ്യാറായില്ല.
ഒരു പ്രളയം വന്നപ്പോള്‍ നാം കണ്ടത് കോടികള്‍ കൈയില്‍ ഉള്ളവനും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയും വസ്ത്രത്തിന് വേണ്ടിയും മറ്റൊരാള്‍ക്ക് മുമ്പില്‍ കൈനീട്ടേണ്ടി വന്നത് എയ്ഡഡ് കോളജ് അധ്യാപകര്‍ മറക്കരുതെന്നും മന്ത്രി പറഞ്ഞു.
അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു മാതൃകയാവേണ്ടവരാണ്. അവരില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top