സാലറി ചലഞ്ച് കാസര്‍കോട് ജില്ലാ പോലിസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ സര്‍ക്കുലര്‍ വിവാദമാവുന്നു. ദുരിതാശ്വാസനിധിയിലേക്ക് 30 ദിവസത്തെ ശമ്പളം കൊടുക്കാനുള്ള 30 കാരണങ്ങളാണു വിവാദത്തിലായത്.
പോലിസ് സേനയില്‍ തെറ്റുചെയ്യുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും സര്‍ക്കാരിന്റെ മഹാമനസ്‌കതയില്‍ ശിക്ഷാനടപടികള്‍ ഒഴിവാക്കുന്നതിന് പോലിസുകാരോട് ഔദാര്യം കാണിക്കാറുണ്ടെന്നും ഇതു കണക്കിലെടുത്ത് ശമ്പളം നിധിയിലേക്കു നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ഒഴിവുള്ള ഉദ്യോഗക്കയറ്റങ്ങള്‍ക്ക് ഉപരിയായി വിവിധതരത്തിലുള്ള സ്ഥാനക്കയറ്റങ്ങള്‍ സര്‍ക്കാര്‍ ഉദാരമായി നല്‍കുന്നുണ്ടെന്നും സ്ഥാനക്കയറ്റം സര്‍ക്കാരിന്റെ ഔദാര്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. കാസര്‍കോട് ജില്ലയിലെ എല്ലാ പോലിസുകാര്‍ക്കും 23ാം തിയ്യതിയാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് പോലിസുകാര്‍ക്ക് ക്യൂ നില്‍ക്കാതിരിക്കാനുള്ള ആനുകൂല്യവും സര്‍ക്കുലറില്‍ എടുത്തുപറയുന്നു. സംസ്ഥാന പോലിസ് മേധാവിക്കും സോണ്‍ എഡിജിപിമാര്‍ക്കും കണ്ണൂര്‍, തൃശൂര്‍ ഐജിമാര്‍ക്കും സര്‍ക്കുലറിന്റെ പകര്‍പ്പ് അയച്ചുകൊടുത്തിട്ടുണ്ട്. പോലിസുകാര്‍ക്ക് നിയമപരമായി ലഭിക്കുന്ന ആനുകൂല്യങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിരിക്കുന്നതായാണ് സേനയ്ക്കുള്ളിലെ വികാരം. ഇത്തരമൊരു സര്‍ക്കുലര്‍ പതിവില്ലാത്തതാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പോലിസ് സേനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എല്ലാവര്‍ക്കും കൈമാറിയത്. പോലിസ് സ്‌റ്റേഷനുകളിലേക്ക് മെയില്‍ അയച്ചതായും പറയപ്പെടുന്നു. എന്നാല്‍, ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നല്‍കുന്നതില്‍ നിന്ന് ചില ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് അവരെ പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും ശമ്പളം നല്‍കണമെന്നു നിര്‍ബന്ധമില്ലെന്നും ഡോ. എ ശ്രീനിവാസ് പറഞ്ഞു.

RELATED STORIES

Share it
Top