സായിബാബയെ ജയിലിനകത്ത് കൊലപ്പെടുത്താന്‍ ശ്രമമെന്നു ഭാര്യ

ന്യൂഡല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി എന്‍ സായിബാബ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഭാര്യ വസന്ത സായിബാബ. ശരീരത്തിന്റെ 90 ശതമാനവും വൈകല്യമുള്ള സായിബാബയ്ക്ക് നല്‍കാനായി ജയില്‍ അധികൃതരെ ഏല്‍പ്പിച്ച ബ്ലാങ്കറ്റും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന് കൈമാറാന്‍ ജയില്‍ സൂപ്രണ്ട് അനുവദിച്ചില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വസന്ത പറഞ്ഞു.
രണ്ട് അടുക്കുള്ള ഫൈബര്‍ ഗ്ലാസും സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച കമ്പികളുടെയും ഇടയില്‍നിന്ന് വളരെ മങ്ങിയ രൂപത്തില്‍ കാണാവുന്ന തരത്തില്‍ ഫോണ്‍ വഴിയാണ് സായിബാബയുമായി സംസാരിക്കാന്‍ തന്നെ അനുവദിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഹൈദരാബാദിലെ ചെര്‍ളപള്ളി സെന്‍ട്രല്‍ ജയിലിലേക്ക് സായിബാബയെ മാറ്റണമെന്നും ഭാര്യ ആവശ്യപ്പെട്ടു. സായിബാബയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. നിരവധി രോഗങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുന്നു. ജയില്‍ അധികൃതര്‍ മതിയായ ചികില്‍സ ലഭ്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ജയിലിനകത്ത്‌വച്ച് സായിബാബയെ കൊലപ്പെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗി ആദിത്യനാഥിന്റെ പേരിലുള്ളതടക്കം 22000 കേസുകള്‍ എഴുതിത്തള്ളുന്ന രാജ്യത്താണ് തെളിയിക്കപ്പെട്ട ഒരു കേസുപോലുമില്ലാത്ത സായിബാബയെ ജാമ്യംപോലും ലഭിക്കാതെ ഏകാന്ത തടവിലിട്ടിരിക്കുന്നതെന്ന് ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് നന്ദിത നാരായണ്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ചമാഡിയ, അഡ്വ. സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ സംസാരിച്ചു.

RELATED STORIES

Share it
Top