സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭ പണികഴിപ്പിച്ച പകള്‍ വീടുകളുടെയും സായംപ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആരംഭിക്കുന്ന മാതൃകാ സായംപ്രഭ ഹോമുകളുടെ (മള്‍ട്ടി ഡേ കെയര്‍ സെന്ററുകള്‍) സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ സാമൂഹികനീതി മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു.ആരോഗ്യ രംഗമെന്നപോലെ സാമൂഹികനീതി രംഗവും വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് വരുന്നത്. കേരളത്തില്‍ 13 ശതമാനത്തോളം വരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.വയോജനങ്ങളുടെ സമഗ്രക്ഷേമം മുന്‍നിറുത്തി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സായംപ്രഭ.
വയോജനങ്ങള്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിരസത, സുരക്ഷയില്ലായ്മ എന്നിവ മൂലമുണ്ടാവുന്ന മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് വയോജനങ്ങള്‍ക്ക് പകല്‍ സമയം സംരക്ഷണവും പ്രത്യേക പരിരക്ഷയും സൗകര്യങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാ സായംപ്രഭ ഹോമുകള്‍ സ്ഥാപിക്കുന്നത്.
വയോജനങ്ങളുടെ ആരോഗ്യ സാമൂഹിക നിലവാരം കാലാനുസൃതമായി ഉയര്‍ത്തുന്നതിനായി ആധുനിക സൗകര്യങ്ങളാണ് അവിടെയൊരുക്കുന്നത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാതൃകാ സായംപ്രഭാ ഹോമുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുന്നത്. നെയ്യാറ്റിന്‍കര നഗരസഭയിലെ പുത്തനമ്പലം വാര്‍ഡില്‍ 2500 സ്‌ക്വയര്‍ഫിറ്റില്‍ നിര്‍മിച്ച പകല്‍വീട് കെട്ടിടമാണ് വയോജനങ്ങള്‍ക്കായുള്ള മാതൃക സായംപ്രഭ ഹോമാക്കിയത്. ഹെല്‍പ്പേജ് ഇന്ത്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്.പുത്തനമ്പലം പകല്‍വീട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ലിയു ആര്‍ ഹീബ, സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്, ഹെല്‍പ്പേജ് ഇന്ത്യ ഡയറക്ടര്‍ ബിജു മാത്യു, നഗരസഭ വൈസ് ചെയര്‍മാന്‍ കെകെ ഷിബു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെപി ശ്രീകണ്ഠന്‍നായര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍കെ അനിതകുമാരി പങ്കെടുത്തു.

RELATED STORIES

Share it
Top