സാമ്പത്തിക സംവരണത്തിന് വാദിക്കുന്നവരുടെ സ്ഥാനം സംഘപരിവാരത്തിനൊപ്പം ; കടകംപള്ളിയെ വിമര്‍ശിച്ച് വി ടി ബല്‍റാംതിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരുടെ സ്ഥാനം സംഘപരിവാരത്തിനൊപ്പമെന്ന് വി ടി ബല്‍റാം എംഎല്‍എ. സാമ്പത്തിക സംവരണം വേണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ള പോപുലര്‍ മീഡിയ പലപ്പോഴും ഹിന്ദുത്വരാഷ്ട്രീയവും സംവരണവിരുദ്ധതയും ഒളിച്ചുകടത്തുകയാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ്സിന്റേത് അടക്കമുള്ള വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ട ഒരു കാംപയിന്‍ ജാതിസംവരണത്തിന്റെ ലോജിക്കും അനിവാര്യതയും സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാവണം. ഉയര്‍ന്ന നേതാക്കള്‍ പോലും പലപ്പോഴും ജാതിസംവരണത്തെ അനുകൂലിക്കുന്നത് നിവൃത്തികേടു കൊണ്ടാണ്. അതിന്റെ ലോജിക് മനസ്സിലായിട്ടല്ല. ഹിന്ദുക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നതിനുശേഷം സംഘപരിവാരത്തിലേക്ക് ആളെക്കൂട്ടുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചുവരുന്ന ഒരു മര്‍മറിങ്് കാംപയിന്‍ ജാതിസംവരണ വിരുദ്ധതയുടേതാണ്. വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ള പോപുലര്‍ മീഡിയ ഹിന്ദുത്വരാഷ്ട്രീയവും സംവരണവിരുദ്ധതയും കീഴാളപുച്ഛവും ഒളിച്ചുകടത്തുകയാണ്. ജാതിസംവരണമെന്തിനെന്ന് മനസ്സിലാവാത്തവരുടെയും സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരുടെയും സ്ഥാനം ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാരത്തിനൊപ്പം തന്നെയായിരിക്കും. ചരിത്രബോധമാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. അതേസമയം, തന്റെ പ്രസംഗം അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞത്. അത് തന്റെ പാര്‍ട്ടിയുടെ നിലപാടാണ്. സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാല്‍, മുന്നാക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ട്. കഷ്ടത അനുഭവിക്കുന്നവരുണ്ട്. അവര്‍ക്ക് ചെറിയ ശതമാനം സംവരണം നല്‍കണമെന്നതും കൂടി ചേര്‍ന്നതാണ് സിപിഎം അംഗീകരിച്ച നയം. ഈ നയം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും കടംകംപള്ളി വിശദീകരിച്ചു.

RELATED STORIES

Share it
Top