സാമ്പത്തിക സംവരണം : പ്രതിഷേധവുമായിപട്ടികജാതി-വര്‍ഗ സംയുക്ത സമിതി

കൊച്ചി: സാമ്പത്തിക സംവരണ പ്രഖ്യാപനത്തിനെതിരേ പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷദിനത്തില്‍ സംവരണ സംരക്ഷണ സദസ്സും രക്ത പ്രതിജ്ഞയും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായിരിക്കും സമരപരിപാടി നടത്തുകയെന്ന് പ്രസിഡണ്ട് എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ഡല്‍ കേസില്‍ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിട്ടുള്ളതാണെന്ന് നീലകണ്ഠന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. പിന്നാക്ക വര്‍ഗങ്ങളെക്കുറിച്ചുപോലും ഇന്ത്യന്‍ പ്രസിഡന്റ് നിയോഗിക്കുന്ന കമ്മീഷന്‍ പഠിച്ച് ശുപാര്‍ശകള്‍ നല്‍കിയശേഷം മാത്രമേ സംവരണം പോലെയുള്ളവയില്‍ തീരുമാനമെടുക്കാനാവൂ. അത്തരം ഒരു പഠനവും ദേവസ്വം ബോര്‍ഡിലെ സംവരണത്തില്‍ നടത്തിയിട്ടില്ല. സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ സര്‍ക്കാരും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് ഈയിടെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നടത്തിയ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള അനര്‍ഹമായ മുന്നാക്ക പ്രീണനനയം ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയുടെ പ്രഖ്യാപിത സംവരണ നയം നിലനിര്‍ത്തണമെന്നും സാമ്പത്തിക സംവരണ പ്രഖ്യാപനം പിന്‍വലിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ഐ ബാബു കുന്നത്തൂര്‍, വെണ്ണിക്കുളം മാധവന്‍, ഡി സുലഭന്‍, അഡ്വ. സുനില്‍ സി കുട്ടപ്പന്‍, എന്‍ എ വാസു, എന്‍ ഗോപി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top