സാമ്പത്തിക പ്രതിസന്ധി: നവാസ് ശരീഫിന്റെ എരുമകളെ ഇംറാന്‍ ലേലം ചെയ്

തുഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍, മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഔദ്യോഗിക വസതിയില്‍ പോറ്റിയിരുന്ന എട്ട് എരുമകളെ ലേലം ചെയ്ത് വിറ്റു. 23 ലക്ഷം പാകിസ്താന്‍ രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്.
ഭീമമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ നേരിടുന്നത്. അതു മറികടക്കാന്‍ പ്രധാനമന്ത്രി കൂടുതല്‍ കര്‍ക്കശ നടപടികളാണ് സ്വീകരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന 61 ആഡംബര കാറുകള്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ലേലം ചെയ്തിരുന്നു.
രണ്ടു കോടി രൂപയാണ് ഇതിലൂടെ ഖജനാവിലേക്ക് വരവ് വച്ചത്. രണ്ടു മണിക്കൂറിനുള്ളിലാണ് എരുമകളുടെ ലേലം പൂര്‍ത്തിയായത്. പണമായി മാത്രമേ ലേലത്തുക സ്വീകരിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. 23,02,000 രൂപയ്ക്കാണ് മൂന്നു വലിയ എരുമകളേയും അഞ്ചു കുട്ടി എരുമകളേയും വിറ്റത്. ഒന്നിന് 1,20,000 രൂപ മതിപ്പുവിലയുള്ള എരുമയെ 3,85,000 രൂപയ്ക്കാണ് നവാസ് ശരീഫിന്റെ ആരാധകന്‍ സ്വന്തമാക്കിയത്. നവാസ് ശരീഫിനോടും അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസിനോടുമുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് മൂന്നിരട്ടി വിലയ്ക്ക് എരുമയെ വാങ്ങിയതെന്നു ഖല്‍ബ് അലി എന്ന ഇസ്‌ലാമാബാദ് സ്വദേശി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് പ്രൂഫ് സജ്ജീകരണമുള്ളതുള്‍പ്പെടെ 102 കാറുകള്‍, നാലു ഹെലികോപ്റ്ററുകള്‍ എന്നിവയും വില്‍ക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

RELATED STORIES

Share it
Top