സാമ്പത്തിക പ്രതിസന്ധിനിയന്ത്രണങ്ങളുമായി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പുതിയ തസ്തികകള്‍ക്കടക്കം നിയന്ത്രണങ്ങളുമായി ധനകാര്യവകുപ്പ്. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം എന്നിവ മൂലം സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്താന്‍ ജീവനക്കാരുടെ പുനര്‍വിന്യാസത്തിലൂടെ സാധിക്കുമോ എന്നതിനു പ്രഥമ പരിഗണന നല്‍കണം.
പുതിയ നിയമനങ്ങള്‍ വിശദമായ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടത്താവൂ എന്നുമാണ് നിര്‍ദേശം. ചെലവു ചുരുക്കലിന്റെ ഭാഗമായി വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്. വകുപ്പ് മേധാവി, പോലിസ്, തദ്ദേശസ്ഥാപന അധ്യക്ഷന്‍, നിയമ നിര്‍വഹണ സംവിധാനങ്ങള്‍ എന്നിവര്‍ക്കു മാത്രമേ ഇനി മുതല്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അധികാരമുള്ളൂ.
മറ്റു വകുപ്പുകള്‍ക്ക് വാഹനങ്ങള്‍ അത്യാവശ്യമുണ്ടെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുക്കാം.
വാഹനവില 14 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. പദ്ധതി-പദ്ധതിയേതര ഫണ്ടില്‍ നിന്നു പണം നല്‍കേണ്ടിവരും. ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും ഫോണ്‍വിളിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുള്ള നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്.
ലാന്‍ഡ്‌ഫോണ്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ മൊബൈലിലേക്കു മാറണം. യാത്രകള്‍ പരമാവധി ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗപ്പെടുത്തണം.
വകുപ്പുമേധാവികളുടെ ഫോണ്‍തുകയുടെ പരിധിയും കുറച്ചിട്ടുണ്ട്. മാസം 1500 രൂപയായിരുന്നത് 1000 ആക്കി.  ഔദ്യോഗിക വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

RELATED STORIES

Share it
Top