സാമ്പത്തിക നയങ്ങള്‍ക്ക് പകരമല്ല ചെപ്പടിവിദ്യകള്‍

മോദി സര്‍ക്കാര്‍ അധികാരമേറിയശേഷം സ്വീകരിച്ച, നാടകീയതയ്ക്കും നടുക്കത്തിനും ഊന്നല്‍ കൊടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ താറുമാറാക്കിയതിന്റെ സൂചനയാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന നോട്ടുക്ഷാമം. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ രൂപംകൊണ്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.
2016 നവംബര്‍ 8ന് രാത്രി 500, 1000 രൂപ കറന്‍സി പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനശാസ്ത്രത്തില്‍ തനിക്കുള്ള പ്രസംഗപാടവം പ്രകടിപ്പിച്ച അന്നുതൊട്ടുണ്ടായ അവസ്ഥയാണ് വീണ്ടും രാജ്യത്ത് സംജാതമായിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെയുണ്ടായി എന്നതിനു യുക്തിസഹമായ ഒരു വിശദീകരണവും ഇതുവരെ റിസര്‍വ് ബാങ്കോ ഭരണത്തിലെ മൂന്നാമനായ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോ നല്‍കിയിട്ടില്ല. അസാധാരണമായി പണം പിന്‍വലിക്കുന്നതുകൊണ്ടാണിതെന്ന ദുര്‍ബലമായൊരു വ്യാഖ്യാനം ജയ്റ്റ്‌ലിയുടെ വകയായുണ്ട്.
രാജ്യത്ത് ഒന്നേകാല്‍ ലക്ഷം കോടിയുടെ കറന്‍സി വിതരണത്തിലുണ്ട് എന്നുമാത്രം ആര്‍ബിഐയിലെ ഉന്നതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍വിലാസം ധനകാര്യ വിദഗ്ധര്‍ക്കോ അസംഖ്യം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കോ എന്തുകൊണ്ടിങ്ങനെയെന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേയവസരം പല ബാങ്കുകളിലും ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ രൂപത്തില്‍ ഇടപാട് നടത്താന്‍ ജനങ്ങളെ ഉപദേശിക്കുന്നു.
പതിവുപോലെ ഇപ്രാവശ്യവും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അജ്ഞാതവാസത്തിലാണ്. വിശ്വാസ്യതയ്ക്കും നയഭദ്രതയ്ക്കും ലോകത്ത് പേരുകേട്ട നാലോ അഞ്ചോ കേന്ദ്ര ബാങ്കുകളില്‍ പെട്ടിരുന്ന ആര്‍ബിഐയെ ധനമന്ത്രാലയത്തിന്റെ വെറുമൊരു ദാസിയാക്കി മാറ്റിയതിന്റെ കയ്പുനീര്‍ കുടിക്കുകയാവും പട്ടേല്‍.
പണം ലഭ്യമാവാത്തതിന്റെ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണുപോല്‍. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലും 2000 രൂപ കറന്‍സിയുടെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലും ഉണ്ടായതാണ് കറന്‍സിക്ഷാമം എന്നു ചില സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. അതു ചിലപ്പോള്‍ ശരിയായിരിക്കാം. എന്നാല്‍, സമ്മര്‍ദതന്ത്രങ്ങളിലൂടെ സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ വരെ ഡിജിറ്റലൈസ് ചെയ്ത് രാജ്യം മുന്നേറുന്നു എന്ന വ്യാജപ്രചാരണം നടത്താനുള്ള കുതന്ത്രവുമായിരിക്കാം ഒരുപക്ഷേ ഈ ക്ഷാമത്തിനു പിന്നില്‍.
ധനകാര്യ നയങ്ങളില്‍ സുതാര്യതയും സ്ഥിരതയും ഉണ്ടാവുമ്പോഴാണ് ഭരണകൂടത്തില്‍ പൗരന്‍മാര്‍ക്ക് വിശ്വാസ്യത ഉണ്ടാവുന്നത്. നാലു വര്‍ഷം കൊണ്ട് നോട്ട് റദ്ദാക്കല്‍, സങ്കീര്‍ണമായ ചരക്കുസേവന നികുതിവ്യവസ്ഥ എന്നിങ്ങനെയുള്ള വികല നയങ്ങളിലൂടെ ബിജെപി ഭരണകൂടം അതെല്ലാം തകര്‍ക്കുകയായിരുന്നു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണത്തിനു നിലനില്‍ക്കാന്‍ അത്തരം ചെപ്പടിവിദ്യകള്‍ തന്നെ വേണ്ടിവരും. എന്നാല്‍, ചെപ്പടിവിദ്യകള്‍ വിവേകപൂര്‍വമായ സാമ്പത്തിക നയങ്ങള്‍ക്ക് പകരമാവില്ല.

RELATED STORIES

Share it
Top