സാമ്പത്തിക തട്ടിപ്പ്: പോലിസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പോലിസ് തന്നെ വേട്ടയാടുന്നുവെന്ന് സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാല. കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നാണ് അശ്വതിക്കെതിരേ ഉയര്‍ന്ന പരാതി.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫിസിലും കയറിയിറങ്ങുകയാണെന്ന് അശ്വതി പറയുന്നു. വ്യാജ പരാതിയുടെ പേരിലാണ് തന്നെ വേട്ടയാടുന്നത്. മാപ്പ് പറഞ്ഞെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ  വാദം തെറ്റാണെന്നും അശ്വതി പറഞ്ഞു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ നോട്ടീസ് കിട്ടിയശേഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായാല്‍ മതിയെന്ന് പോലിസ് അശ്വതിയെ അറിയിച്ചു. മൊഴിയെടുക്കാനായി ഇന്നലെ രാവിലെ ഹാജരാവാനാണ് നേരത്തെ പോലിസ് അശ്വതിയോട് ആവശ്യപ്പെട്ടിരുന്നത്.   കോവളം സ്വദേശി അനിലാണ് അശ്വതിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കിയത്.
തുടര്‍ന്നാണ് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അന്വേഷണം ആരംഭിച്ച പോലിസ് സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസില്‍ ഒരു മണിക്കൂറിനകം ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ അശ്വതിയോട് ഹാജരാവാന്‍ പോലിസ് നിര്‍ദേശിച്ചത്. ലിഗയുടെ പേരില്‍ 3.8 ലക്ഷം രൂപ അശ്വതി പിരിച്ചെടുത്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അശ്വതി അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, അശ്വതിക്കെതിരേ പോലിസ് ഇതുവരേയും കേസെടുത്തിട്ടില്ല.

RELATED STORIES

Share it
Top