സാമ്പത്തിക ഞെരുക്കം: സിപിഎം പാര്‍ട്ടി ഓഫിസ് വാടകയ്ക്ക് നല്‍കി

കൊല്‍ക്കത്ത: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബംഗാളില്‍ പാര്‍ട്ടി ഓഫിസ് സിപിഎം വാടകയ്ക്ക് നല്‍കി. പര്‍ബ്ബ ബര്‍ദമാന്‍ ജില്ലയില്‍ ഗസ്‌കര മുനിസിപ്പാലിറ്റിയിലെ ലോക്കല്‍ കമ്മിറ്റി ഓഫിസാണ് വാടകയ്ക്ക് നല്‍കിയത്. ഉള്‍നാടുകളില്‍ രാഷ്ട്രീയ സ്വാധീനം നഷ്ടമായ സിപിഎമ്മിനു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ചെലവുകള്‍ക്കും ആവശ്യമായ പണം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫിസുകള്‍ വാടകയ്ക്ക് നല്‍കാനുള്ള തീരുമാനത്തിലെത്തിയത്. മൂന്നു വലിയ മുറികളും രണ്ടു കോണ്‍ഫറന്‍സ് ഹാളുകളും ശുചിമുറികളും അടുക്കളയും ഉള്‍പ്പെടുന്ന ഗസ്‌കരയിലെ ലോഡ്ജപാരയിലെ മൂന്നുനില കെട്ടിടമാണ് പ്രതിമാസം 15,000 രൂപ നിരക്കില്‍ വാടകയ്ക്ക് നല്‍കിയത്. ലോഡ്ജപാരയിലെ റാബിന്‍ സെന്‍ ഭവന്‍ എന്ന സിപിഎം പാര്‍ട്ടി ഓഫിസ് 1999 മെയ് ഒന്നിനാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടി ഓഫിസിന്റെ നടത്തിപ്പും ചെലവുകളും ഒരു ബാധ്യതയായി മാറിയതോടെയാണ് കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ തീരുമാനമെടുത്തത്. ഓഫിസ് വാടകയ്ക്ക് നല്‍കുന്നതിനെ മുഴുവന്‍ അംഗങ്ങളും അനുകൂലിച്ചു. ഓഫിസിന്റെ വൈദ്യുതി ബില്ല്, പരിപാലന ചെലവ്, ഓഫിസ് ചുമതല വഹിക്കുന്നവരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഓഫിസ് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നാരായണ്‍ ചന്ദ്ര ഘോഷ് പറഞ്ഞു. ഒരു സ്വകാര്യ കോച്ചിങ് സെന്റര്‍ സ്ഥാപനത്തിനാണ് സിപിഎം പാര്‍ട്ടി ഓഫിസ് വാടകയ്ക്ക് നല്‍കിയത്. പുതിയ വാടകക്കാര്‍ കെട്ടിടം ഏറ്റെടുത്തതോടെ കെട്ടിടത്തിലുണ്ടായിരുന്ന കൊടിതോരണങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളും നീക്കി.

RELATED STORIES

Share it
Top