സാമ്പത്തികപ്രതിസന്ധി: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അലംഭാവമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് വി ഡി സതീശന്‍ ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്നും ധനസ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്ക വേണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരവും ചെലവും തമ്മിലുള്ള അന്തരം കൂടിയതാണ് കഴിഞ്ഞ രണ്ടുമാസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. 22 ശതമാനം ചെലവ് വര്‍ധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 7.6 ശതമാനം മാത്രമാണ്. വായ്പ എടുക്കുന്നതിലുള്ള കേന്ദ്ര നിയന്ത്രണവും ജിഎസ്ടി നടപ്പാക്കിയ രീതിയും തുടക്കത്തില്‍ ബാധിച്ചു. ഇതാണു പ്രതിന്ധിക്ക് കാരണമായത്. ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച ആശങ്കയ്ക്ക് ബജറ്റില്‍ പരിഹാരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ട്രഷറിയില്‍ സ്തംഭനമാണെന്നും മൂന്നുലക്ഷത്തോളം ആളുകളുടെ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. പണമിടപാടുകള്‍ നടക്കുന്നില്ല. അങ്കണവാടികളിലെ കുട്ടികളുടെ ഭക്ഷണത്തിന്റെ ബില്ലുകള്‍ പോലും മാറുന്നില്ല. ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ ക്ഷണിക്കാതായിട്ട് 10 മാസമായി. ജിഎസ്ടിയിലെ അവ്യക്തത കാരണം നിര്‍മാണക്കരാറെടുക്കാന്‍ നേരത്തെ തന്നെ കരാറുകാര്‍ തയ്യാറാവുന്നുണ്ടായിരുന്നില്ല. ഇതിനു പുറമെ നേരത്തെ ചെയ്ത പ്രവൃത്തിയുടെ ബില്ലുകള്‍ മാറാത്തതിനാല്‍ കരാറുകാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നില്ല. ഇതുകാരണം അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുന്നു. ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് ജിഎസ്ടിയെ തള്ളിപ്പറയുകയുമാണ് ധനമന്ത്രി ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും അതിന്റെ ഗൗരവം മനസ്സിലാവാതെ ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളം കണ്ട ഏറ്റവും കൗശലക്കാരനായ ധനമന്ത്രിയാണ് ഐസക്കെന്നും സതീശന്‍ പറഞ്ഞു. വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ധനമന്ത്രി മറുപടിനല്‍കി. ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി, ധവളപത്രം ഇറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് ധനസ്ഥിതി തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

RELATED STORIES

Share it
Top