സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്വേഷണ ആവശ്യങ്ങള്‍ക്കായി നിയമനിര്‍വഹണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറുന്നതിനായി പ്രത്യേക സംവിധാനമൊരുക്കണമെന്ന് സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗ്ള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടക്കമുള്ളവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കലാപങ്ങളിലേക്കും സൈബര്‍ കുറ്റകൃത്യങ്ങളിലേക്കും ദേശീയ സുരക്ഷയെ ബാധിക്കുന്ന നടപടികളിലേക്കും നയിക്കുന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നടപടി സ്വീകരിക്കുന്നതിനും കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്്.
വിദ്വേഷപരമായ ഉള്ളടക്കങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പങ്കുവയ്ക്കുന്നതിനോട് സാമൂഹിക മാധ്യമങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നതു കാരണമായിരുന്നു കമ്പനികള്‍ ഈ ആവശ്യം നിരാകരിച്ചത്. വ്യാജവാര്‍ത്തകളും വിദ്വേഷപരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതടക്കമുള്ള ദുരുപയോഗങ്ങള്‍ തടയുന്നതിനായി ചില സാമൂഹിക മാധ്യമങ്ങള്‍ നടപടി സ്വീകരിച്ചിരുന്നു.
രാജ്യത്ത് പ്രത്യേകം പൊതു പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം ആരംഭിക്കണമെന്നും സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top