സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്; പൊതുതാല്‍പര്യ ഹരജി തള്ളിയത് നിരാശാജനകം: ഇ അബൂബക്കര്‍

ന്യൂഡല്‍ഹി: ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പൂനെ പോലിസിന് അന്വേഷണം തുടരാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി വിധി നിരാശാജനകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍.
ആക്ടിവിസ്റ്റുകളായ ഗൗതം നവ്‌ലാഖ, സുധ ഭരദ്വാജ്, വരവര റാവു, അരുണ്‍ പെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കെതിരേ നടക്കുന്ന സംശയാസ്പദമായ അന്വേഷണത്തിനെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
പൂനെ പോലിസിന്റെ വാദഗതികള്‍ക്കെതിരേ ധാരാളം തെളിവുകള്‍ ഉണ്ടായിട്ടും അത് പരിഗണിക്കാതെ, പോലിസിന്റെ കഥ മുഖവിലക്കെടുത്തുകൊണ്ടാണ് സുപ്രിംകോടതി ഭൂരിപക്ഷ വിധി പ്രഖ്യാപനം നടത്തിയത്. റൊമീല ഥാപര്‍, ദേവിക ജയിന്‍, സതീഷ് ദേശ്പാണ്ഡെ, പ്രഭാത് പട്‌നായിക്, മജ ദാരുവല്ല എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയ ന്യായമായ ആശങ്കകളും സുപ്രിംകോടതി കണക്കിലെടുത്തില്ല.
അധികാരത്തിലിരിക്കുന്നവര്‍ ജനാധിപത്യ വിയോജിപ്പുകളെ പോലിസിനെയും വലതുപക്ഷ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെ പരമോന്നത കോടതി കാണാതെപോകുന്നത് നിര്‍ഭാഗ്യകരമാണ്. ആക്ടിവിസ്റ്റുകള്‍ക്കെതിരേ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനും സ്വഭാവഹത്യ നടത്താനും മാധ്യമ ഉപജാപം നടത്താനും ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങളാണ് പൂനെ പോലിസ് ഉപയോഗിക്കുന്നത്. എന്നിട്ടും അന്വേഷണം ഒരു പ്രത്യേക സംഘത്തിനു വിടണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞത് വിചിത്രമാണ്.
കേസില്‍ യുഎപിഎ ചുമത്തിയതിനെയും ഇ അബൂബക്കര്‍ ചോദ്യം ചെയ്തു. യുഎപിഎ പോലുള്ള നിയമങ്ങള്‍ ജനാധിപത്യ സമൂഹത്തിന് കളങ്കമാണ്. പ്രതികളുടെ മൗലികാവകാശങ്ങളെ ഹനിക്കുകയും പോലിസിന് അമിതാധികാരം നല്‍കുന്നതുമാണ് നിയമത്തിലെ വ്യവസ്ഥകള്‍.
യുഎപിഎ കേസുകളില്‍ ഭൂരിഭാഗവും വെറുതെ വിട്ടുപോവുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top