'സാമൂഹിക പ്രതിബദ്ധതാ ഫണ്ട് മാറ്റിവയ്ക്കണം'

കൊച്ചി: കോര്‍പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ പ്രധാനഭാഗം വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനായി മാറ്റിവയ്ക്കണമെന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ്് പി സദാശിവം. ഇതിനായി കാംപയിന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ “പുതുയുഗം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. കമ്പനികളും കോര്‍പറേറ്റുകളും സംസ്ഥാനത്തെ അക്കാദമികരംഗത്ത് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാനാവും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി മല്‍സരപ്പരീക്ഷകള്‍ക്കും പ്രവേശനപ്പരീക്ഷകള്‍ക്കുമുള്ള പരിശീലനത്തിന് പോവാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷകള്‍ക്കു പുറമേ കംപയിന്‍ഡ് ലോ അഡ്മിഷന്‍ ടെസ്റ്റ്, എന്‍ഡിഎ, നാവല്‍ അക്കാദമി എന്നിവയുടെ പ്രവേശനപ്പരീക്ഷകള്‍ക്കുള്ള പരിശീലനവും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കു നല്‍കാന്‍ കഴിയണം. മുമ്പ് സംസ്ഥാനത്ത് ആരംഭിച്ച പൊതുപരീക്ഷാ പരിശീലനപദ്ധതി (പബ്ലിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ സ്‌കീം) ശക്തിപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സാമ്പത്തിക-സാമൂഹിക മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവയ്ക്കുന്ന “പുതുയുഗം’ പോലുള്ള പരിപാടികള്‍ അതുകൊണ്ടുതന്നെ പ്രശംസയര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

RELATED STORIES

Share it
Top