സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മീഷന്‍

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ ഏറെയും സമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് അധ്യക്ഷ എംസി ജോസഫൈന്‍. സ്ത്രീകളെ മനപ്പൂര്‍വം മോശക്കാരാക്കി ചിത്രീകരിക്കുന്ന പ്രവണതകള്‍ക്കെതിരേ ശക്തമായ ഇടപെടല്‍ നടത്തുമെന്നും കമ്മീഷന്‍ പറഞ്ഞു.
എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കുടുംബത്തിലും ജോലിസ്ഥലങ്ങളിലും സൗഹൃദങ്ങളിലും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായ ഇടപെടലുകള്‍ക്കു സ്ത്രീകള്‍ വിധേയരാവുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു.
യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തും. രാജ്യത്ത് പുറത്ത് നടക്കുന്ന വിഷയമായതിനാല്‍ കമ്മീഷന് പരിമിതികളുണ്ട്. എങ്കിലും വിഷയത്തില്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കൊച്ചിയില്‍ മേയറെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കമ്മീഷന് ഒന്നും ചെയ്യാനില്ല. എന്നാല്‍ സ്ത്രീകളായ ജനപ്രതിനിധികളെ കൈയേറ്റം ചെയ്യുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
113 പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയത്. ഇതില്‍ 38 എണ്ണം തീര്‍പ്പാക്കി. പോലിസിന്റെയും വിവിധ വകുപ്പുകളുടെയും റിപോര്‍ട്ട് തേടുന്നതിന് 17 കേസുകള്‍ മാറ്റിവച്ചു. എട്ട് പരാതികളില്‍ ആര്‍ടിഒ റിപോര്‍ട്ടിന് വിട്ടു. നാല് പരാതികള്‍ കൗണ്‍സലിങിനും അയച്ചു. 46 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചു. ഇന്നും സിറ്റിങ് തുടരും. കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, ഷാഹിദ കമാല്‍, ഡയറക്ടര്‍ വി യു കുര്യാക്കോസ്, ലീഗല്‍ പാനല്‍ അംഗങ്ങളായ ആന്‍സി പോള്‍, യമുന, വനിതാ സെല്‍ എസ്‌ഐ സോന്‍ മേരി പോള്‍, സിവില്‍ പോലിസ് ഓഫിസര്‍ ബീന പങ്കെടുത്തു.

RELATED STORIES

Share it
Top