സാമൂഹികമാധ്യമങ്ങളിലെ ബലാല്‍സംഗങ്ങള്‍

അവകാശങ്ങള്‍  നിഷേധങ്ങള്‍ - അംബിക

സിനിമ കാര്യമായി കാണുകയോ വിലയിരുത്തുകയോ ചെയ്യാത്ത ഒരാളാണു ഞാന്‍. ഒരു നല്ല ആസ്വാദകപോലുമല്ല. അതുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ എന്ന നടന്റെ കേമത്തമോ അദ്ദേഹത്തിന്റെ സിനിമകളുടെ മേന്മയോ ഒന്നും എനിക്കറിയില്ല. ഞാന്‍ നേരിട്ട് കാര്യത്തിലേക്കു കടക്കാം. അപര്‍ണ പ്രശാന്തി എന്ന സിനിമാ നിരൂപകയ്ക്കും അവരുടെ അമ്മയും പൊതുപ്രവര്‍ത്തകയുമായ ഡോ. പി ഗീതയ്ക്കും നേരെ സാമൂഹികമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കു തടയിടുന്നതില്‍ പോലിസും വനിതാ കമ്മീഷന്‍ അടക്കമുള്ള മറ്റു ഭരണസംവിധാനങ്ങളും പുലര്‍ത്തുന്ന അലംഭാവം വച്ചുപൊറുപ്പിക്കാവുന്നതല്ലെന്നു വ്യക്തമാക്കാനാണ്. ചെറുപ്രായത്തില്‍ തന്നെ ഏറ്റവും നല്ല മലയാള സിനിമാ നിരൂപണഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ അവാര്‍ഡ് നേടിയ അപര്‍ണ പ്രശാന്തി വളരെ ഗൗരവത്തോടെ സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്യാറുണ്ട്. കോഴിക്കോട് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥികൂടിയായ അപര്‍ണയുടെ നിരൂപണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കാറുമുണ്ട്. അല്ലു അര്‍ജുന്‍ നായകനായ 'എന്റെ വീട് ഇന്ത്യ, എന്റെ പേര് സൂര്യ' എന്ന സിനിമ കണ്ട് അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റാണ് അല്ലു അര്‍ജുന്‍ ഫാന്‍സിനെ പ്രകോപിപ്പിച്ചത്. 'അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ട് തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തിയേറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ' എന്ന തമാശ നിറഞ്ഞ പോസ്റ്റാണ് വധഭീഷണിക്കും ബലാല്‍സംഗഭീഷണിക്കും പിറകിലെന്നത് അദ്ഭുതകരമാണ്. ആയിരത്തിലധികം അശ്ലീലം നിറഞ്ഞ കമന്റുകളിട്ടാണ് അല്ലു ആരാധകര്‍ കലിപ്പു തീര്‍ക്കുന്നത്. ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. എല്ലാ പരിധികളും ലംഘിച്ച കമന്റുകള്‍ക്കും വധഭീഷണിയും ബലാല്‍സംഗ ഭീഷണിയും ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ക്കുമെതിരേ മെയ് 11ന് അപര്‍ണ പോലിസില്‍ പരാതി നല്‍കി. പോലിസ് നടപടിയൊന്നുമെടുത്തില്ല. മുഖ്യമന്ത്രി, മലപ്പുറം എസ്പി, വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, ഹൈടെക് സെല്‍ എന്നിവയിലെല്ലാം തുടര്‍ന്നു പരാതി നല്‍കിയിട്ടുണ്ട്. വിഷയം മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായപ്പോള്‍ മാത്രമാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 17 പേര്‍ പ്രതിപ്പട്ടികയിലുണ്ടെങ്കിലും രണ്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതില്‍ നിയാസുദ്ദീന്‍ എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. റിമാന്‍ഡിലിരിക്കുന്ന വ്യക്തി ഇപ്പോഴും ഫേസ്ബുക്കിലൂടെ അശ്ലീല കമന്റുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണു മറ്റൊരു കാര്യം. അതെങ്ങനെ സാധ്യമാവുന്നു എന്നു പറയേണ്ടത് പോലിസ് തന്നെയാണ്. വധഭീഷണി മുഴക്കിയ അര്‍ജുന്‍ വി സി എന്നയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു മാത്രമല്ല, മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയ ശേഷം മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന് ഇക്കാര്യങ്ങളില്‍ പങ്കില്ലെന്നാണ് സംഘടനാ ഭാരവാഹി ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചതത്രേ. എന്നാല്‍, അല്ലു ആരാധകര്‍ തന്നെയാണ് ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ഇവരുടെ അഭ്യര്‍ഥന മാനിച്ച് ഫേസ്ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസം അപര്‍ണയുടെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. യഥാര്‍ഥത്തില്‍ കുറ്റവാളികളെ സംരക്ഷിക്കുകയും ഇരയാക്കപ്പെട്ടയാളെ വീണ്ടും ക്രൂശിക്കുകയും ചെയ്യുന്ന നടപടിയാണ് ഫേസ്ബുക്ക് അധികൃതര്‍ കൈക്കൊണ്ടിട്ടുള്ളത്. ഈ കേസിലകപ്പെട്ടവരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതര്‍ തങ്ങള്‍ക്ക് കൈമാറുന്നില്ലെന്ന ആക്ഷേപവും പോലിസിന്റെ ഭാഗത്തുനിന്നുണ്ട്.രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനമാണ്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അശ്ലീല പദപ്രയോഗങ്ങള്‍കൊണ്ടുള്ള ബലാല്‍സംഗങ്ങളെ അത്ര നിസ്സാരമായി കാണാവുന്നതല്ല. ഫേസ്ബുക്ക് എന്നത് മുഖം കാണാത്തതുകൊണ്ട് അല്ലെങ്കില്‍ വ്യാജ മുഖങ്ങളും വ്യക്തിത്വവും പ്രകടിപ്പിച്ചുകൊണ്ട് സ്ത്രീകള്‍ക്കു നേരെ എന്തും പറയാവുന്ന ഒരിടമായി മാറിയിരിക്കുന്നു എന്നത് വസ്തുതയാണ്. മറ്റൊന്ന് ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയും വധഭീഷണിയും ബലാല്‍സംഗഭീഷണിയും മുഴക്കിയും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ 'ഒതുക്കാ'മെന്ന പുരുഷമേധാവിത്വ മനോഭാവമാണ്. പൊതുപ്രവര്‍ത്തകരായ നിരവധി സ്ത്രീകള്‍, കെ കെ രമ അടക്കമുള്ളവര്‍ ഇതിന് ഇരകളാക്കപ്പെട്ടിട്ടുണ്ട്. അപര്‍ണ പ്രശാന്തിക്കും ഗീത ടീച്ചര്‍ക്കും നേരെ നടക്കുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളുക എന്നത് പോലിസിന്റെയും ഭരണാധികാരികളുടെയും ചുമതലയാണ്. നിരപരാധികളെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ കേരള പോലിസ് യഥാര്‍ഥ കുറ്റവാളികളെ പിടികൂടുന്നതില്‍ കാണിക്കുന്ന വിമുഖത കെവിന്റേതടക്കമുള്ള നിരവധി കേസുകളില്‍ നാം കണ്ടതാണ്. വനിതാ കമ്മീഷനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം പ്രകടിപ്പിക്കാറില്ലെന്നതാണു വാസ്തവം. സിനിമാ നിരൂപണരംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അപര്‍ണ പ്രശാന്തിക്ക് തന്റെ അഭിപ്രായം തുറന്നുപറയുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിനെതിരായ കൊലവിളികളെ ചെറുക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.      ി

RELATED STORIES

Share it
Top