സാന്‍ലി ഡബിളില്‍ പൂനെ തുടങ്ങി

പൂനെ: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന അയല്‍ക്കാരുടെ പോരാട്ടത്തില്‍ എഫ്.സി. പൂനെ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പൂനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോള്‍ നേടിയ തുര്‍ക്കി മുന്‍ ഫോര്‍വേഡ് തുന്‍ജെ സാന്‍ലിയാണ് പൂനെയ്ക്ക് പുതിയ സീസണില്‍ വിജയത്തുടക്കം നല്‍കിയത്. 12, 56 മിനിറ്റുകളിലായിരുന്നു സാന്‍ലിയുടെ ഗോള്‍ നേട്ടം.

പൂനെയുടെ ശേഷിക്കുന്ന ഗോള്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഫോര്‍വേഡ് ഇസ്രയില്‍ ഗുരുങിന്റെ വകയായിരുന്നു. 68ാം മിനിറ്റിലാണ് താരം പൂനെയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. മുംബൈയുടെ ആശ്വാസ ഗോള്‍ ഫ്രെഡറിക് പിക്വയോനയുടെ വകയായിരുന്നു. 34ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. മല്‍സരഫലം സൂചിപ്പിക്കുന്നത് പോലെ സ്വന്തം തട്ടകത്തില്‍ പൂനെയുടെ പ്രകടനം ആധികാരികമായിരുന്നില്ല.

മല്‍സരത്തില്‍ പൂനെയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താന്‍ മുംബൈക്ക് സാധിച്ചിരുന്നു. എന്നാല്‍, കിട്ടിയ സുവര്‍ണാവസരങ്ങള്‍ മുംബൈ നഷ്ടപ്പെടുത്തിയപ്പോള്‍ ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ച് പൂനെ മല്‍സരം കൈക്കലാക്കുകയായിരുന്നു. പൂനെയ്ക്കു വേണ്ടി മുന്‍ ചെല്‍സി, യുവന്റസ് ഫോര്‍വേഡ് അഡ്രിയാന്‍ മുട്ടു ഇന്നലത്തെ മല്‍സരത്തിലൂടെ ഐ.എസ്.എല്ലില്‍ അരങ്ങേറ്റം നടത്തി. 61ാം മിനിറ്റില്‍ സാന്‍ലിക്കു പകരം കളത്തിലിറങ്ങിയ മുട്ടു ഗുരുങിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

RELATED STORIES

Share it
Top