സാധനങ്ങള്‍ ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞു

നിലമ്പൂര്‍: എരഞ്ഞിമങ്ങാട് യതീംഖാനയില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപില്‍ കെട്ടിക്കിടന്ന ഭക്ഷ്യധാന്യങ്ങള്‍ ഐടിഡിപിക് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥരെ മതില്‍മൂല കോളനിയിലെ ദുിര്‍തബാധിതരായ കുടുംബങ്ങള്‍ തടഞ്ഞു. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ കൈമാറാനെത്തിയ നിലമ്പൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫ് മൈലാടിയേയും ഐടിഡിപി ജീവനക്കാരനെയുമാണ് തടഞ്ഞത്. സാധനങ്ങള്‍ കയറ്റി കൊണ്ടുപോവാന്‍ എത്തിയ വാഹനവും പ്രതിഷേധത്തെ തുടര്‍ന്ന് മടക്കി അയച്ചു. ശനിയാഴ്ച്ച രാവിലെ 9.30തോടെയാണ് സംഭവം.
എസ്‌സി, ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ട 35 കുടുംബങ്ങളാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രളയത്തെ തുടര്‍ന്ന് ക്യാംപില്‍ കഴിഞ്ഞിരുന്ന 86 കുടുബങ്ങള്‍ക്കും ഞായറാഴ്ച്ച രാവിലെ 9ന് ക്യാംപില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കിറ്റുകള്‍ നല്‍കുന്നതാണെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. 50 കിലോ അരി 15 കിലോ പഞ്ചസാര ഉള്‍പെടെ 36 വിഭവങ്ങള്‍ ഓരോ കുടുംബത്തിനും ലഭിക്കും. പായ്ക്ക് ചെയ്യാതെ ക്യാംപില്‍ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എസ്ടി കോളനികളിലും വിതരണം ചെയ്യും.
പ്രതിഷേധ സമരത്തിന് മഞ്ജുഷ കാര്‍ത്തിക്, അബൂബക്കര്‍ തോട്ടത്തില്‍, കാര്‍ത്തിക്, രതീഷ് മീമ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.
51 എസ്ടി കുടുംബങ്ങള്‍ക്കും 23 എസ്‌സി കുടുംബങ്ങള്‍ക്കും 12 ജനറല്‍ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ ലഭിക്കും.

RELATED STORIES

Share it
Top