സാങ്കേതിക വിദ്യാഭ്യാസം

കേരളത്തില്‍ തട്ടുകടകളെപ്പോലെ തട്ടിക്കൂട്ടിയിരുന്ന എന്‍ജിനീയറിങ് കോളജുകള്‍ പലതും അടച്ചുപൂട്ടാന്‍ തയ്യാറാവുന്നതു നല്ല കാര്യം തന്നെ. വിദ്യാഭ്യാസത്തെക്കുറിച്ച് സമീപകാലത്തുണ്ടായ തെറ്റായ ധാരണകള്‍ മൂലമാണ് സാങ്കേതികവിദ്യ നേടുന്നതില്‍ ഒരു താല്‍പര്യവുമില്ലാത്ത പിള്ളേരെപ്പോലും ബിടെക്കിന് വിടാന്‍ രക്ഷിതാക്കള്‍ മുന്നോട്ടുവന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത് വ്യാവസായികോല്‍പാദനത്തിന്റെ അടിസ്ഥാനത്തിലല്ല. 16 ട്രില്യന്‍ വരുന്ന സാമ്പത്തികനിലയുള്ള യുഎസില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഒരുലക്ഷം എന്‍ജിനീയര്‍മാരാണ് പുറത്തുവരുന്നത്. എന്നാല്‍, രണ്ടു ട്രില്യന്‍ വരുന്ന സാമ്പത്തികശേഷിയുള്ള ഇന്ത്യയിലോ, 15 ലക്ഷം കുട്ടികള്‍ എന്‍ജിനീയറിങ് കോളജുകളില്‍ സമയം വെറുതെ കളയുന്നു.
വ്യവസായമേഖല വികസിക്കുമ്പോഴാണ് പരമ്പരാഗത ശാഖകളില്‍ പഠിച്ച സാങ്കേതിക വിദഗ്ധന്‍മാര്‍ക്ക് തൊഴില്‍ ലഭിക്കുക. ഐടി നഗരങ്ങളില്‍ വന്‍ ശമ്പളം ലഭിക്കുന്ന ബിടെക്കുകാരെ കുറിച്ച് നാം കേള്‍ക്കാറുണ്ടെങ്കിലും അവിടെ കയറിപ്പറ്റാവുന്നവരുടെ എണ്ണം എത്രയോ പരിമിതമാണ്. പല വാണിജ്യ, വ്യാപാര മേഖലകളിലും എന്‍ജിനീയര്‍മാര്‍ വേണ്ടതില്ല. ഉദാഹരണത്തിന് ആഭ്യന്തരോല്‍പാദനത്തിന്റെ 10 ശതമാനം വരുന്ന വിനോദസഞ്ചാരമേഖല. ആരോഗ്യം, കൃഷി എന്നിവയിലും ബിടെക്കുകാര്‍ക്ക് പ്രവേശനം ലഭിക്കില്ല. അതിനിടയിലാണ് ന്യൂട്ടന്റെ ഒന്നാം ചലന നിയമം എന്തെന്നറിയാത്തവര്‍ വരെ ലക്ഷങ്ങള്‍ ചെലവാക്കി സാങ്കേതികവിദ്യാഭ്യാസത്തിനു പോവുന്നത്. വിദ്യാഭ്യാസത്തിന്റെ മുന്‍ഗണനകള്‍ കമ്പോളശക്തികളെ മാത്രം പരിഗണിച്ചു നിശ്ചയിക്കുന്നതുകൊണ്ടുള്ള അനര്‍ഥങ്ങളാണിത്.

RELATED STORIES

Share it
Top