സാങ്കേതിക വിദഗ്ധരുമായി നാളെ ചര്‍ച്ച

പത്തനംതിട്ട:  കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിദഗ്ധരുമായി നാളെ ചര്‍ച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ആശുപത്രി മാലിന്യ മുക്തമാക്കണമെന്ന തീരുമാനവുമായി ഒരു കോടിയോളം രൂപ പൊതുമരാമത്തിന് കൈമാറിയിട്ടുണ്ട്. പക്ഷേ പണം അടച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രഥമ പരിഗണനയാണ് നല്‍കുന്നത്, പണം കൈമാറിയിട്ടും പണി തുടങ്ങാത്തത് ചോദിച്ചപ്പോഴാണ് അവര്‍ക്ക് സാങ്കേതിക അറിവ് വേണ്ടത്ര ഇല്ല എന്ന് അറിയിച്ചത്. ഈവിഷയം വകുപ്പുമന്ത്രി ജി സുധാകരന്റെ ശ്രദ്ധയില്‍പെടുത്തി. പണം മടക്കി നല്‍കാം എന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ പണം മടക്കിക്കിട്ടാനല്ല പദ്ധതി തുടങ്ങിക്കിട്ടാനാണ് എത്തിയത് എന്നാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സാങ്കേതിക വിദഗ്ദരെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.
ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് പണം വകയിരുത്തി. എന്നാല്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും സാങ്കേതിക പരിമിതികളും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌നമാകും എന്ന് കണ്ട് വേണ്ടെന്ന് വെച്ചു. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും സോളാര്‍ വിളക്ക് സ്ഥാപിക്കല്‍ ഇത്തരമൊന്നാണ്.
വൈദ്യുതി ബോര്‍ഡ് പരിപാലനം പറ്റില്ലന്ന് പറഞ്ഞതോടെ പിന്‍മാറാന്‍ തീരുമാനിച്ചു.തിരുവാഭരണ പാതയിലെ മരം നടലും വിജയിക്കില്ലന്ന് കണ്ട് വേണ്ടെന്ന് വെച്ചു. വരാല്‍ച്ചാല്‍ നല്ല നിലയില്‍ നവീകരിച്ചു. പക്ഷേ ഇപ്പോള്‍ പായല്‍ മൂടി. തദ്ദേശവാസികളും മറ്റും അതില്‍ തോണി ഉപയോഗിക്കുകയും മീന്‍ പിടിക്കുകയും ഒക്കെ ചെയ്താലേ നന്നായി കിടക്കൂ. ഇല്ലെങ്കില്‍ ജലം മലിനമാകും. പായല്‍ വളരും. പദ്ധതി തുടങ്ങിയിട്ട് കാര്യമില്ലന്നുംഅത് നടത്തിക്കൊണ്ടു പോകലാണ് പ്രധാനമെന്നും സമിതി കരുതുന്നു.
മുന്‍ ഭരണസമിതി തുടങ്ങിയ ഇ ടോയ്‌ലറ്റ് നല്ല സംരംഭമാണ്. പഞ്ചായത്തുകളാണ് പരിപാലനം നടത്തേണ്ടത്. പക്ഷേ അവര്‍ തയ്യാറായില്ല. നാട്ടില്‍ അതുപയോഗിക്കാനുള്ള അവബോധം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുമില്ല. പക്ഷേ കോടികള്‍ മുടക്കിയ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് കെല്‍ട്രോണുമായി കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ തുടര്‍പരിപാലനത്തിന് വ്യവസ്ഥ ഇല്ലെന്ന് പറഞ്ഞ് അവര്‍ കൈയ്യൊഴിഞ്ഞു. പഞ്ചായത്തുകളാണ് ഇത് ചെയ്യേണ്ടത് എന്നാണ് അവരുടെ പക്ഷം. പദ്ധതിയില്‍ അഴിമതി ഇല്ല. ഒരു ഭരണസമിതിയും ഒറ്റയ്ക്കല്ല. മറിച്ച് തുടര്‍ച്ചയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി ആദ്യമായാണ് പത്തനംതിട്ടയ്ക്ക് കിട്ടുന്നത്. അതില്‍ അഭിമാനമുണ്ട്. അംഗങ്ങളും ജീവനക്കാരും ഒന്നിച്ച് പ്രവര്‍ത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സമ്മാനത്തുകയായ 25 ലക്ഷം രൂപ എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. അതിന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് തീരുമാനം എടുക്കും.
ആശുപത്രികളിലെ വികസനം, മലിനീകരണ നിയന്ത്രണം,കൃഷി എന്നിവയിലെ മുന്നേറ്റമാണ് പുരസ്‌കാരത്തിന് കാരണം. കാക്കുംകരങ്ങള്‍ എന്ന ഹോംനഴ്‌സിങ് പരിപാടി, ഡയാലിസിസ് യൂനിറ്റിന്റെ വളര്‍ച്ചഎന്നിവയും പരിഗണിച്ചു.
അപ്പര്‍ കുട്ടാനാട് മേഖലയില്‍ നെല്ലിന് നല്‍കിയ പരിഗണന പ്രധാനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവകാശപ്പെട്ടു.
വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷമാരായ എലിസബത്ത് അബു, ലീലാ മോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top