സാഖയ്ക്കും ഷാഖിരിക്കും ഇത് വെറും ഗോളല്ല, സെര്‍ബിയയോടുള്ള പ്രതികാരം


മോസ്‌കോ: കാല്‍പന്ത് മൈതാനത്ത് കേവലം ആവേശം മാത്രമല്ല ചര്‍ച്ചാവിഷയം. അവിടെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ വിഷയങ്ങളെല്ലാം തലയുയര്‍ത്തി കഥകള്‍ പറയും. ആര്‍ത്തിരമ്പുന്ന ഗാലറിയില്‍ പ്രതികാരവും വിദ്വേഷവും സങ്കടവും സന്തോഷവുമെല്ലാം ആര്‍ത്തടിക്കും. ഇന്നലെ ഗ്രൂപ്പ് ഇ യിലെ സെര്‍ബിയ - സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടത്തിനും അങ്ങനെ ഒരു കഥ പറയാനുണ്ട്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയം പിടിച്ച സ്വിസ്റ്റര്‍സര്‍ലന്‍ഡിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഗ്രാനിറ്റ് സാഖയും ഷെര്‍ദാനും ഷാഖിരിക്കുമാണ് പ്രതികാരത്തിന്റെ കഥ പറയാനുള്ളത്. ഇരുവരും ഗോളടിച്ച ശേഷം ഇരുകൈകളും അല്‍ബേനിയന്‍ പതാകയിലെ കഴുകന്‍ മാതൃകയില്‍ ചേര്‍ത്തു പിടിച്ച്  ആഘോഷിച്ചത് സെര്‍ബിയയോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ്്. സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്രം പ്രഖ്യാപിച്ച കൊസോവയില്‍ നിന്നെത്തിയ സാഖയ്ക്കും ഷാഖിരിക്കും ഈ വിജയം മധുപ്രതികാരം തന്നെയാണ്.
യുഗോസ്ലോവിയയുടെ ഭാഗമായിരുന്ന സെര്‍ബിയയുടെ കീഴിലെ സ്വയം ഭരണ പ്രദേശമായിരുന്നു കൊസോവ. എന്നാല്‍ 1980ല്‍ കൊസോവയുടെ സ്വയം ഭരണം എടുത്തുമാറ്റിയതിനെതിരായി വമ്പന്‍ പ്രക്ഷോഭം തന്നെ  പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ പങ്കെടുത്ത സാഖയുടെ പിതാവിനെ സെര്‍ബിയന്‍ പട്ടാളം അറസ്റ്റ് ചെയ്യുകയും മൂന്നുവര്‍ഷം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സാഖയുടെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് സാഖയുടെ ജനമെങ്കിലും പിതാവിനോടും കുടംബത്തോടും സെര്‍ബിയന്‍ പട്ടാളത്തിന്റെ ക്രൂരതകളുടെ ചരിത്രം കേട്ട് വളര്‍ന്ന സാഖ അന്ന് മനസില്‍ വളര്‍ത്തിയ തീപ്പൊരിയാണ് ഇന്നലെ മൈതാനത്തെ ഗോളടിയിലൂടെ ആളിപ്പടര്‍ന്നത്.
ഷാഖിരിയുടെ കഥയും വിഭിന്നമല്ല. 1992ല്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലണ്ടിലേക്ക് കുടിയേറിയതാണ് ഷാഖിരിയും. ജന്‍മനാട്ടില്‍ നിന്ന് ആട്ടിപ്പായിച്ചവരെ കാല്‍പന്ത് മൈതാനത്ത് മുട്ടുകുത്തിച്ചപ്പോള്‍ ആ മുഖത്ത് തെളിഞ്ഞത് കേവലം സന്തോഷം മാത്രമായിരുന്നില്ല. വേദനിക്കുന്ന ഓര്‍മകളെ മറക്കാന്‍ സഹായിക്കുന്ന മധുര പ്രതികാരത്തിന്റെ സംതൃപ്തികൂടിയായിരുന്നു ആ മുഖങ്ങളില്‍ വിടര്‍ന്നത്. ഗോളടിച്ച ശേഷം ജഴ്‌സിയൂരി ഗാലറിക്ക് നേരെ നെഞ്ച് വിരിച്ച നിന്ന ഷാഖിരി ചിരിച്ചപ്പോള്‍ റഫറി താരത്തിന് മഞ്ഞക്കാര്‍ഡും നല്‍കി. പക്ഷേ കാത്തിരുന്ന പ്രതികാര നിമിഷം സാധ്യമായതിന്റെ ആവേശവീര്യത്തെ കെടുത്താന്‍ പോന്ന ശക്തി ആ മഞ്ഞക്കാര്‍ഡിനില്ലായിരുന്നു.

RELATED STORIES

Share it
Top