സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ ഔദ്യോഗിക വാഹനം മോടികൂട്ടാന്‍ പത്രപ്പരസ്യം; നടപടി വിവാദത്തില്‍

തിരുവനന്തപുരം: പ്രളയക്കെടുതി അതിജീവിക്കാന്‍ ചെലവു ചുരുക്കാനുള്ള മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ ഔദ്യോഗിക വാഹനം ലക്ഷങ്ങള്‍ ചെലവിട്ട് മോടികൂട്ടാനൊരുങ്ങി സര്‍ക്കാര്‍ വകുപ്പ്. സംസ്ഥാന സാക്ഷരാത മിഷന്‍ അതോറിറ്റി മിഷന്‍ ഡയറക്ടറുടെ ഔദ്യോഗിക വാഹനം മോടിപിടിപ്പിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.മിഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകലയുടെ പേരിലാണ് പത്രപ്പരസ്യം നല്‍കിയിട്ടുള്ളത്. അലോയ് വീല്‍, ഫ്‌ളോറിങ് മാറ്റ്, 70% സുതാര്യമായ സണ്‍ ഫിലിം, ആന്റിഗ്ലയര്‍ ഫിലിം, വീഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് കാമറ, ഫൂട്ട് സ്റ്റെപ്, വിന്‍ഡോ ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ കാം, മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍ ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ കാം, ബംപര്‍ റിഫ്‌ളെക്ടര്‍, വുഡ് ഫിനിഷ് സ്റ്റിക്കര്‍, മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍ സൗകര്യമുള്ള കാര്‍സ്റ്റീരിയോ, ഫോം ഉള്‍പ്പെടെ സീറ്റ് കവര്‍ അങ്ങനെ നീളുന്നു പട്ടിക. ഇതിനെല്ലാംകൂടി ലക്ഷങ്ങളാണ് വേണ്ടിവരിക. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പട്ടികയിലുള്ള പല സാധനങ്ങളും ചുമ്മാ ആഡംബരത്തിന് വേണ്ടിയുള്ളതാണെന്നാണ് ആരോപണം. 2012ല്‍ വാങ്ങിയതാണ് മിഷന്‍ ഡയറക്ടറുടെ ഇന്നോവ. സര്‍ക്കാരിന്റെ നയമനുസരിച്ച് ഒമ്പതു വര്‍ഷമാണ് ഒരു കാറിന്റെ ഉപയോഗ കാലാവധി. ഇനി വെറും മൂന്ന് കൊല്ലം മാത്രം ഓടാന്‍ പോവുന്ന കാറിന് വേണ്ടിയാണ് ലക്ഷങ്ങള്‍ മുടക്കി മോടി കൂട്ടുന്നത്. അതേസമയം സര്‍ക്കാര്‍ അംഗീകൃത നിരക്ക് അനുസരിച്ച് പത്രത്തില്‍ നല്‍കിയ പരസ്യത്തിന് 40,000 രൂപ നല്‍കേണ്ടിവരും.

RELATED STORIES

Share it
Top