സാക്കിര്‍ നായികിനെ നാടുകടത്തില്ലെന്ന് മലേസ്യന്‍ പ്രധാനമന്ത്രി

ക്വാലാലംപൂര്‍: ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായികിനെ ഇന്ത്യയിലേക്കു നാടുകടത്തില്ലെന്ന് മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. സാക്കിര്‍ നായികിനെ വിട്ടുകിട്ടാന്‍ മലേസ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഡോ. സാക്കിര്‍ നായിക് മലേസ്യന്‍ പൗരത്വമുള്ളയാളാണ്. അതുകൊണ്ടുതന്നെ ഇവിടെ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്തിടത്തോളം ഞങ്ങള്‍ അദ്ദേഹത്തെ നാടുകടത്തില്ല- പുത്രജയയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മഹാതീര്‍ മുഹമ്മദ് പറഞ്ഞു.
ഭീകരവാദ കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് 2016ലാണ് സാക്കിര്‍ ഇന്ത്യ വിട്ട് മലേസ്യയില്‍ അഭയം തേടിയത്. സാക്കിര്‍ നായികിനെ വിട്ടുകിട്ടണമെന്ന ആവശ്യം മലേസ്യ പരിഗണിച്ചുവരുകയാണെന്ന് ഇന്നലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നാണ് സാക്കിറിനെതിരായ പ്രധാന ആരോപണം. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ നീതിപൂര്‍വകമായ വിചാരണ ലഭിക്കുമെന്ന് ഉറപ്പില്ലാത്തിടത്തോളം താന്‍ മടങ്ങിവരില്ലെന്ന് കഴിഞ്ഞദിവസം സാക്കിര്‍ നായിക് വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top