സാകിര്‍ നായിക്കിന്റെ സ്വത്ത് കണ്ടുകെട്ടല്‍ തുടര്‍ നടപടികള്‍ തടഞ്ഞു

ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിന്റെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയുമായി മുന്നോട്ട് പോവുന്നതില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തടഞ്ഞ് ട്രൈബ്യൂണല്‍ ഉത്തരവ്. കള്ളപ്പണ നിയന്ത്രണ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണലിന്റെതാണ് നടപടി. വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രൈബ്യൂണല്‍ ഇഡിയോട് നിരവധി ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു.
എന്നാല്‍, വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം തടയല്‍ നിയമപ്രകാരം ചെന്നൈയിലെ സ്‌കൂള്‍, വെയര്‍ഹൗസ് അടക്കമുള്ളവയാണ് നേരത്തേ ജപ്തി ചെയ്തിരുന്നത്. ഇതിനെതിരേ സാകിര്‍ നായിക് നല്‍കിയ ഹരജിയിലാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേസ് പരിഗണിക്കവേ അന്വേഷണ ഏജന്‍സിയുടെ ഇരട്ടത്താപ്പ് ജഡ്ജി ചോദ്യംചെയ്തു. ക്രിമിനല്‍ കേസ് വിചാരണ നേരിടുന്ന പത്തോളം ആത്മീയ നേതാക്കളെ അറിയാം. അവര്‍ക്കെല്ലാം 10000 കോടിയുടെ സ്വത്തുക്കളുണ്ട്. അവര്‍ക്കെല്ലാം എതിരേ നിങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
സാകിര്‍ നായിക് യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, പ്രഭാഷണം കേട്ട് ഈ യുവാക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേര്‍ന്നതിന് തെളിവുണ്ടോയെന്നും ജഡ്ജി ചോദിച്ചു. അതേസമയം, ഇഡിയുടെ നടപടി മരവിപ്പിക്കുകയല്ല; മറിച്ച് തല്‍സ്ഥിതി തുടരാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top