സാംസ്‌കാരിക മഹോല്‍സവം നടത്തിയതിനെതിരേ വ്യാപക വിമര്‍ശനം

പൊന്നാനി: ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് കുരുന്നു ജീവനുകള്‍ നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുമ്പോള്‍ പൊന്നാനി നഗരസഭ നടത്തിയ സാംസ്‌കാരിക മഹോല്‍സവം നിര്‍ത്തിവയ്ക്കാത്തതില്‍ വ്യാപക വിമര്‍ശനം.
പൊന്നാനി മണ്ഡലം ആസ്ഥാനത്ത് എ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സാംസ്‌കാരികോല്‍സവം നടന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ മാറഞ്ചേരിയില്‍ നടക്കുന്ന ഫെസ്റ്റ് കമ്മിറ്റിക്കാര്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പൊന്നാനിയില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ രാത്രി 11.30വരെ നാടക മഹോല്‍സവം അരങ്ങേറി. ചടങ്ങ് നിര്‍ത്തിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ കുടുംബശ്രീ തയാറാക്കിയ ഉമ്മാന്റെ വടിക്കിനി എന്ന ഭക്ഷ്യവില്‍പ്പനയ്ക്ക് നഷ്ടംവരുമെന്ന് ചൂണ്ടിക്കാട്ടി അത് നിരസിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
നേരത്തെ ഓഖി ദുരന്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പൊന്നാനിയില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികള്‍ മാറ്റിവച്ചിരുന്നു. തുടര്‍ന്നാണ് നഗരസഭയും സാഹിത്യ അക്കാദമിയും ചേര്‍ന്ന് 7 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോല്‍സവം നടത്താന്‍ തീരുമാനിച്ചത്. തൊട്ടപ്പുറത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും പൊതുജനങ്ങളുമൊക്കെ ആശുപത്രിയില്‍ എത്തിയിരുന്നു. പൊന്നാനി നഗരസഭ ഭരണ സമിതിയും ചെയര്‍മാനും സാംസ്‌കാരികോല്‍സവം നിര്‍ത്തിവയ്ക്കാന്‍ കഴിയാതെ പോയത് രാഷ്ട്രീയവും ധാര്‍മികവുമായ പരാജയമാണെന്നാണ് വിമര്‍ശനമുയര്‍ന്നത്.

RELATED STORIES

Share it
Top