സാംസ്‌കാരിക പ്രവര്‍ത്തകരെ ഒപ്പംനിര്‍ത്താന്‍ കോണ്‍ഗ്രസ്

കോഴിക്കോട്: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ ആശീര്‍വാദം തേടി. ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍, പ്രമുഖ ചരിത്രകാരനും തന്റെ അധ്യാപകനുമായ ഡോ. എം ജി എസ് നാരായണന്‍ എന്നിവരെ മുല്ലപ്പള്ളി സന്ദര്‍ശിച്ചു. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ കൂടെ ഉണ്ടാവണമെന്ന് മുല്ലപ്പള്ളി ഇരുവരോടും അഭ്യര്‍ഥിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് മുല്ലപ്പള്ളിക്ക് ഇരുവരും ആശംസകള്‍ നേര്‍ന്നു. ദീര്‍ഘകാലമായി കോണ്‍ഗ്രസ്സുമായി അകലം പാലിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ കൂടെനിര്‍ത്താനുള്ള നീക്കത്തിന്റെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. കഴിഞ്ഞദിവസം തിരുവനന്തപുരത്തും സാംസ്‌കാരികപ്രവര്‍ത്തകരുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍മന്ത്രിയും മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനുമായ എം കമലത്തെയും അന്തരിച്ച മുന്‍ അഡ്വക്കറ്റ് ജനറല്‍ എം രത്‌നസിങ്, സിപിഐ നേതാവ് ഐ വി ശശാങ്കന്‍ എന്നിവരുടെ വസതികളും മുല്ലപ്പള്ളി സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top